കേരളത്തിലെ വള്ളംകളിയുടെ കേന്ദ്രം എന്നറിയപ്പെടുന്നത് ആലപ്പുഴയാണ്. കായലുകള്‍, നദികള്‍, തോടുകള്‍ (കനാലുകള്‍) അറേബ്യന്‍ മഹാസമുദ്രത്തിന്റെ സാമീപ്യം ഇവയെല്ലാം കൊണ്ട് 'കിഴക്കിന്റെ വെനീസ്' എന്ന പേര് ആലപ്പുഴയ്‌ക്ക് അന്വര്‍ത്ഥമാണ്. അതുകൊണ്ടു തന്നെ അവരുടെ ജീവിതത്തില്‍ വെള്ളവും വള്ളവും ഒഴിച്ചു കൂടാന്‍ പറ്റാത്തതാണ്.
പുന്നമടക്കായല്‍, വേമ്പനാട്ടു കായല്‍, കായംകുളം കായല്‍ എന്നീ കായലുകളാലും മണിമലയാര്‍, അച്ചന്‍ കോവിലാര്‍, പമ്പാനദി എന്നീ നദികളാലും, മറ്റ് വന്‍ തോടുകളാലും (കനാലുകളാലും) സമ്പന്നമായ ആലപ്പുഴ വള്ളംകളിക്കു പറ്റിയ വേദിയാണെന്നതില്‍ സംശയമില്ല. ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉള്‍പ്പെട്ട നെഹ്‌റു ട്രോഫി, കരുവാറ്റ, കൈനകരി, പുളിങ്കുന്ന്, കായംകുളം എന്നീ അഞ്ചു വള്ളംകളികള്‍ക്ക് കേന്ദ്രമാകുന്നത് ആലപ്പുഴയിലെ വിവിധ ജലാശയങ്ങളാണ്. ഇതു കൂടാതെ ചമ്പക്കുളം, നീരാറ്റുപുറം, പായിപ്പാട്, പാണ്ടനാട് വള്ളംകളികളും നടക്കുന്നത് ഈ ആലപ്പുഴയില്‍ തന്നെ.
കേരളത്തിന്റെ പാരമ്പര്യ-സംസ്‌കാരങ്ങള്‍ തിരിച്ചറിയാനും വള്ളംകളിയുടെ ആഘോഷതിമിര്‍പ്പു കണ്ടറിയാനും ആഗസ്റ്റ് - സെപ്‌റ്റംബര്‍ മാസത്തില്‍ നടക്കുന്ന ഓണാഘോഷ കാലത്ത് ആലപ്പുഴ സന്ദര്‍ശനത്തിലൂടെ സാധിക്കും.