മെട്രോ നഗരത്തിലെ ജനങ്ങളുടെയും, കൊച്ചി സന്ദര്‍ശിക്കുന്ന ഇതര ജില്ലക്കാരുടെയും ഒരു പ്രധാന കേന്ദ്രമാണ് കൊച്ചിയിലെ മറൈന്‍ ഡ്രൈവ്. ഓണക്കാലത്തു നടക്കുന്ന മറൈന്‍ ഡ്രൈവ് വള്ളംകളി മത്സരവും ഇവിടെയാണ്. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമാണ് ഈ വള്ളംകളിയും. അടിയൊഴുക്കുള്ള, അതേസമയം ആഴമില്ലാത്തതുമായ ഇവിടുത്തെ മത്സര പാത, പങ്കെടുക്കുന്നവര്‍ക്ക് വെല്ലുവിളിയാണ്. അതിനാല്‍ തുഴയുന്നവരുടെ കഴിവും ശക്തിയും ഇതിലുള്ള അറിവും അനുസരിച്ചാണ് വിജയിക്കുക.
മൂന്നു കിലോമീറ്റര്‍ ദൂരമുള്ള മറൈന്‍ ഡ്രൈവില്‍ നില്‌ക്കുമ്പോള്‍ കാണുന്ന വേമ്പനാട്ടു കായലിന്റെ ഭാഗമായ കൊച്ചി കായലും തുറമുഖവും അതിസുന്ദരമായ കാഴ്‌ചയാണ്. റെയ്‌ന്‍ബോ പാലം, ചീനവലപ്പാലം, ഹൗസ് ബോട്ട് പാലം, ഷോപ്പിങ് കേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍ എന്നിവയാല്‍ ഇവിടുത്തെ നടപ്പാതയോരം സമൃദ്ധമാണ്.
കൊച്ചി അന്തര്‍ദ്ദേശീയ വിമാനത്താവളം ഏകദേശം 34 കിലോമീറ്റര്‍ ദൂരെയും എറണാകുളം ജംങ്‌ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ ഏകദേശം 3 കിലോമീറ്റര്‍ ദൂരെയും എറണാകുളം ടൗണ്‍ റെയില്‍വേ സ്‌റ്റേഷന്‍ ഏകദേശം 3 കിലോമീറ്റര്‍ ദൂരെയും മറൈന്‍ ഡ്രൈവ് ബസ് സ്റ്റോപ്, എം.ജി. റോഡ് മെട്രോ സ്‌റ്റേഷന്‍ എന്നിവ ഒരു കിലോമീറ്റര്‍ ദൂരെയുമാണ്.