ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ ഏറ്റവും അഭിമാനകരമായ നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്കായല്‍ ആലപ്പുഴയിലെ അതി മനോഹരമായ തടാകമാണ്. സി.ബി.എല്‍. സീസണിന്റെ തുടക്കം കുറിക്കുന്ന ഇവിടുത്തെ മത്സരത്തില്‍ വിജയിച്ച് ട്രോഫി നേടുക എന്നത് ഓരോ ചുണ്ടന്‍ വള്ളം ഉടമയുടെയും ക്ലബ്ബിന്റെയും സ്വപ്‌നവും അഭിമാനവുമാണ്.
കേരളത്തിലെ ഏറ്റവും വലുതും നീളമുള്ളതുമായ വേമ്പനാട്ടു കായലിന്റെ ഭാഗമാണ് പുന്നമടക്കായല്‍.
കേരളത്തിന്റെ ഗ്രാമീണ സൗന്ദര്യം തൊട്ടറിയാന്‍ കഴിയുന്ന ഒരിടമാണ് പുന്നമട. റോഡു മാര്‍ഗ്ഗവും ജലമാര്‍ഗ്ഗവും യാതൊരു ബുദ്ധിമുട്ടും കൂടാതെ എത്താന്‍ കഴിയുന്ന പുന്നമടയില്‍ വളരെ സൗകര്യപ്രദമായ താമസ സ്ഥലങ്ങളുമുണ്ട്.
കൊച്ചി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 83 കിലോമീറ്ററും ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏകദേശം 7 കിലോമീറ്ററും ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഏകദേശം 3 കിലോമീറ്ററും ദൂരമുണ്ട് പുന്നമടക്കായലിലേക്ക്.