സര്‍വ്വരക്ഷക്കായി ദൈവിക ശക്തികളെ ഉണര്‍ത്താനും, ചില വ്രതങ്ങളുടെ അല്ലെങ്കില്‍ പ്രതിജ്ഞയുടെ പൂര്‍ത്തീകരണത്തിനും വേണ്ടി പുരുഷന്മാര്‍ അനുഷ്‌ഠിക്കുന്ന ആചാരപരമായ കലാരൂപമാണ് അറബനമുട്ട്. തിന്മകളെ ഉച്ചാടനം ചെയ്യാനും സാംക്രമിക രോഗങ്ങളുടെ ഉന്മൂലനത്തിനും പുരാതന കാലത്ത് ദൈവിക സഹായം അഭ്യര്‍ത്ഥിക്കുന്ന ആചാരമാണിത്. വസൂരി, കോളറ എന്നിവ വരുമ്പോള്‍ നിസ്സഹായരാകുന്നവര്‍ക്കു ആശ്വാസത്തിനായി ഉപകരിക്കുന്ന ആചാരം ആണ് അറബനമുട്ട്. മറ്റ് ചികിത്സാ ഉപാധികളില്ലാതെ വരുമ്പോളുള്ള ആശ്രയം. 1119 മുതല്‍ 1182 വരെ ജീവിച്ചിരുന്ന സൂഫി വിശുദ്ധന്‍ അഹമ്മദ് കബീര്‍ അല്‍റിഫായ്, അദ്‌ഭുതപ്രവര്‍ത്തികള്‍ കൊണ്ടു പ്രശസ്‌തനാണ്. ഈ സൂഫിസിദ്ധന്‍ ആണ് അറബനമുട്ടിന്റെ തുടക്കക്കാരന്‍. ആയുധകലയും, അഗ്ന്യാഭ്യാസവും റിഫായ്‌യുടെ പ്രത്യേകതകളായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഈ പാരമ്പര്യ രീതികള്‍ പിന്തുടര്‍ന്നു. കൊട്ടിപാടി ചുവടുവയ്‌ക്കുന്നതിനിടയില്‍ ഇവര്‍ കത്തിയും പന്തവും ഉപയോഗിച്ചു സ്വയം മുറിവുണ്ടാക്കി. നൃത്തച്ചുവടുകളുടെ പാരമ്യത്തില്‍ ഭ്രാന്തമായ ആവേഗത്തിലാണിത്, അറബന എന്ന ഡ്രം തീവ്രതാളത്തില്‍ മുട്ടി ഷെയ്‌ഖ് റിഫായ്‌യുടെ പേര് ഉറക്കെ വിളിച്ചു പറഞ്ഞ് ഇവര്‍ ആനന്ദവിസ്‌മൃതിയില്‍ മുഴുകുന്നു.
അധ്യാപകര്‍ അല്ലെങ്കില്‍ ഉസ്‌താദ് ആയ രതിബ് മുസലിയാരുടെ കീഴിലാണ് അറബനമുട്ട് പരിശീലനം തുടങ്ങുക. ഉസ്‌താദ് ശിഷ്യര്‍ക്ക് ഒരു അറബന സമ്മാനിച്ചാണ് തുടക്കം. ഈ സമയം ഗുരുവിന് ദക്ഷിണ നല്‍കണം. രതിബ്‌പുര എന്നറിയപ്പെടുന്ന ഉസ്‌താദിന്റെ വീടിനോടു ചേര്‍ന്ന കുടിലിലാകും പഠന, പരിശീലനം. ചിലപ്പോള്‍ മഹ്‌ളറ അല്ലെങ്കില്‍ തക്യാവ് എന്നു പേരുള്ള പുര രതിബ് പരിശീലനത്തിനും അറബനമുട്ടിനുമായി പ്രത്യേകം നിര്‍മ്മിക്കും.
ആചല്‍മുട്ട്, അഞ്ചുമുട്ട്, കോറിമുട്ട് എന്നൊക്കെ പേരുള്ള വിവിധ ഘട്ടങ്ങള്‍ ഈ ആചാരരൂപത്തിലുണ്ട്. ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞും ചരിഞ്ഞും ഉറക്കെ മുറാദിയ, മുറാദിയ മുറാദീ, മുറാദീ ഷെയ്‌ഖ് അഹ്മ്‌മദ് റിഫായീ (എന്റെ ആഗ്രഹം, എന്റെ ആഗ്രഹം, ഓ ഷെയ്‌ഖ് അഹ്‌്‌മദ് റിഫായീ) എന്നു വിളിച്ചു പറഞ്ഞ് ഡ്രമ്മില്‍ ഏകതാളത്തില്‍ മുട്ടിക്കൊണ്ടാണ് തുടക്കം. ഇതിന് ആചല്‍മുട്ട് എന്നു പറയും. ആചല്‍മുട്ട് പുരോഗമിക്കുമ്പോള്‍ പതുക്കെ താളം മുറുകി അത് ഇരട്ടി വേഗത്തിലാകും. ഈ ഘട്ടത്തെ അഞ്ചുമുട്ട് എന്നു വിളിക്കുന്നു. മൂന്നാമത്തെയും ഏറ്റവും സങ്കീര്‍ണ്ണവുമായ ഘട്ടമാണ് കോറിമുട്ട്. ഈ ഘട്ടത്തില്‍ നിലത്ത് കുത്തിയിരുന്ന് മുന്നോട്ടും പിന്നോട്ടും ആടി അറബന തലക്കുമുകളില്‍ ഉയര്‍ത്തി അറബിയിലുള്ള ഭക്തിഗീതങ്ങള്‍ ഉറക്കെ ഭ്രാന്തമായ ആവേശത്തില്‍ ചൊല്ലുന്നു. ഇടക്കിടെ ഇവര്‍ മുട്ടില്‍ ഉയര്‍ന്നു നില്‍ക്കും. അവസാനം എഴുന്നേറ്റുനിന്ന് ഡ്രം കൊട്ടലും പാട്ടും തുടരും.
സംഗീതവും, നൃത്തച്ചുവടുകളും താളത്തില്‍ കൊട്ടലും ഒന്നു ചേര്‍ന്നു മതപരവും, ഭക്തി പാരമ്യതയും ഒരുമിക്കുന്ന രോഗശമന വിശ്വാസം കലര്‍ന്ന പുരാതന ആചാരമാണിത്. സൂഫി പാരമ്പര്യത്തില്‍ അടിയുറച്ച ഒന്ന്.