മുട്ടുംവിളി അല്ലെങ്കില്‍ വാര്‍ത്തിയംമുട്ട്‌ എന്നറിയപ്പെടുന്ന ചീനിമുട്ട്‌ ആഘോഷാവസരങ്ങളില്‍ അവതരിക്കപ്പെടുന്ന സംഗീത നാടകമാണ്‌. പ്രത്യേകിച്ചും വിശുദ്ധരായ സിദ്ധന്മാരുടെ മരണം ആചരിക്കുന്ന ഉര്‍സ്‌ ആഘോഷങ്ങളില്‍ ആണ്‌ ഇത്‌ സാധാരണ പതിവ്‌. ഷെഹ്നായ്‌ എന്ന പേര്‍ഷ്യന്‍ സംഗീത ഉപകരണത്തില്‍ നിന്നാണ്‌ ചീനി എന്ന പേര്‌ വന്നത്‌. ഷെഹ്നായ്‌ ഇന്ത്യയില്‍ മംഗളവാദ്യമായി പരിഗണിക്കപ്പെടുന്നു.
മരത്തില്‍ തീര്‍ത്തതാണ്‌ ചീനി. ഒരറ്റം വാവട്ടം കുറഞ്ഞതും മറ്റേ അറ്റത്തേക്ക്‌ വളര്‍ന്നു വികസിക്കുന്നതുമായ കുഴലില്‍ വാവട്ടം കുറഞ്ഞ അറ്റത്ത്‌ ഇരട്ടശീവാളി പിടിപ്പിച്ച സംഗീതോപകരണമാണ്‌ ഷെഹ്നായ്‌. താഴേക്ക്‌ വളര്‍ന്നു വികസിക്കുന്ന കുഴലിന്റെ താഴറ്റം മണിയുടെ രൂപത്തില്‍ ലോഹം കൊണ്ടോ മരം കൊണ്ടോ തുറന്നു വികസിച്ചിരിക്കും. ചിലപ്പോള്‍ നാലു ശീവാളിതണ്ടുകളും ഉപയോഗിക്കും. ശ്വാസവും ശക്തിയും ഊതലിന്റെ രീതിയും നിയന്ത്രിച്ച്‌ വിവിധ ഈണങ്ങള്‍ ഷെഹ്നായിയില്‍ വായിക്കാം. ചീനിമുട്ടില്‍ ഷെഹ്നായിയക്കുപുറമേ ഒറ്റ, അല്ലെങ്കില്‍ വലിപ്പം കുറഞ്ഞ മുറാഷ്‌ എന്ന ഡ്രമ്മും താളമിടാന്‍ ഉപയോഗിക്കുന്നു.

പേര്‍ഷ്യന്‍ സാംസ്‌കാരിക സ്വാധീനത്തിന്റെ ഫലമാണ്‌ മലബാറില്‍ ഷെഹ്നായ്‌ എത്താന്‍ കാരണമെന്ന്‌ കരുതുന്നു. പ്രാദേശികമായ കൊട്ടുവാദ്യങ്ങളും ശൈലിയും കൂട്ടിച്ചേര്‍ത്ത്‌ അതിനെ ഇവിടത്തെ സംഗീതോപകരണമാക്കി മാറ്റിയതാകാം. മലബാറിലെ കൊണ്ടോട്ടിയില്‍ മുഹമ്മദ്‌ ഷാവലിയ തങ്ങളുടെ വാര്‍ഷികോല്‍സവത്തിന്‌ ചീനിമുട്ട്‌ അവതരിപ്പിക്കാറുണ്ട്‌. വലിയകത്ത്‌ കുടുംബമാണ്‌ ചീനിമുട്ടിന്റെ സംരക്ഷകരും പ്രചാരകരും. കൊണ്ടോട്ടി തങ്ങള്‍മാര്‍ ഇവര്‍ക്ക്‌ സംരക്ഷണം നല്‍കിയിരുന്നു.

അനുഷ്‌ഠാന കലകള്‍

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍