കൗമാരക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ദഫ്‌ എന്ന ചെറിയ തപ്പ്‌ ഉപയോഗിച്ചും, അറബന എന്നു വിളിക്കുന്ന വലിയ തപ്പ്‌ ഉപയോഗിച്ച്‌ മുതിര്‍ന്ന പുരുഷന്മാരും പങ്കെടുക്കുന്ന താളവാദ്യഗീത പ്രകടനമാണ്‌ ദഫ്‌മുട്ട്‌. പുരാതനമായ അറേബ്യന്‍ താളവാദ്യ ഉപകരണമാണ്‌ ദഫ്‌. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഹിജ്‌റ പ്രദക്ഷിണത്തിനു ശേഷം, ഹിജ്‌റ എന്നാല്‍ ഊരുചുറ്റല്‍, മദീനയില്‍ പ്രവേശിച്ച പ്രവാചകനായ മുഹമ്മദിനെ ആ നഗരത്തിലെ പെണ്‍കുട്ടികള്‍ ആഘോഷത്തോടെ ദഫ്‌ മുട്ടി സ്വീകരിച്ചതായി പരാമര്‍ശങ്ങളുണ്ട്‌. പ്രവാചകന്റെ കാലത്തിനുശേഷം ഇമാം മാലിക്‌ തുടങ്ങിയ ഇസ്ലാമിക പണ്ഡിതര്‍ ദഫ്‌ മുട്ടിന്‌ പ്രചാരം നല്‍കി. സൂഫി പാരമ്പര്യങ്ങള്‍ ലോകമാകെ പ്രചരിച്ചപ്പോള്‍ ദഫ്‌മുട്ടും എല്ലായിടത്തും എത്തി.

ദഫിന്റെ പുരാതന രൂപം (വാദ്യോപകരണമായ ഈ തപ്പ്‌ വാദ്യത്തിന്റെ) പേര്‍ഷ്യയിലുദയം ചെയ്‌ത ദാപ്പ്‌ തന്നെ നമ്മുടെ തപ്പും. മുതിര്‍ന്ന ആണുങ്ങള്‍ ഇതിന്റെ വലിയരൂപം ഉപയോഗിക്കുന്നു. സ്‌ത്രീകള്‍ ചെറുതും. ദൈവത്തെയും പ്രവാചകനായ മുഹമ്മദിനെയും പ്രകീര്‍ത്തിക്കുന്ന ഗാനങ്ങളാകും ആഘോഷാവസരങ്ങളിലും പ്രധാനമായും പാടുന്നത്‌. ബിസ്‌മില്ല (ദൈവത്തിന്റെ പേരില്‍) എന്നു തുടങ്ങി പ്രവാചകന്റെയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സൂഫി വിശുദ്ധരുടെയും വാഴ്‌ത്തുപാട്ടുകളോടെ ഇതു പുരോഗമിക്കുന്നു.

അറബിക്‌ ശീലില്‍ താഴ്‌ന്ന സ്ഥായിയില്‍ തുടങ്ങി താളം മുറുകി പാട്ടിന്റെയും ശീലിന്റെയും ശക്തിയും വേഗതയും ക്രമേണ വര്‍ദ്ധിക്കുന്നു. ഇരുന്നും നിന്നും തലകുനിച്ചും ദ്രുതചലനങ്ങളോടെ ഭ്രാന്തമായ ഒരു ആവേഗത്തില്‍ ഓരോ ഗീതവും അവസാനിക്കുന്നു. എല്ലാവരെയും ആകര്‍ഷിക്കുകയും അവരെ അതിനുള്ളില്‍ തളച്ചിടുകയും ചെയ്യുന്ന ഉച്ചസ്ഥായിയിലെ ശബ്ദസമാപ്‌തി ദഫ്‌മുട്ടിന്റെ പ്രത്യേകതയാണ്‌.

എട്ടു മുതല്‍ പത്തു വരെ അംഗങ്ങളാണ്‌ പൊതുവെ ഒരു ദഫ്‌മുട്ട്‌ സംഘത്തിലുണ്ടാവുക. സഫീന പാട്ട്‌ എന്നറിയപ്പെടുന്ന മൗലീദ്‌ സമാഹാരത്തില്‍ നിന്നെടുക്കുന്ന അറബിക്‌ ഗീതങ്ങളാണ്‌ ദഫ്‌മുട്ടില്‍ പാടുക. പ്രാര്‍ത്ഥനകള്‍, അഭ്യര്‍ത്ഥനകള്‍, കീര്‍ത്തനങ്ങള്‍ അനുഗ്രഹാപേക്ഷകള്‍ എന്നിങ്ങനെ പ്രവാചകനെ സ്‌തുതിക്കുന്നവയാണ്‌ ഇവയെല്ലാം. സൂഫി സിദ്ധന്മാരെയും പ്രകീര്‍ത്തിക്കുന്നവയുണ്ട്‌. താളം മുറുകുന്തോറും ശീലും ദ്രുതഗതിയിലാകും, പാട്ടുകാരുടെ ചലനങ്ങളും. ദഫ്‌ മുട്ടിലെ പാട്ടുകള്‍ക്ക്‌ പാരമ്പര്യരീതിയിലുള്ള വസ്‌ത്രനിബന്ധനയുണ്ട്‌. വെള്ളമുണ്ട്‌, വെള്ള കുപ്പായം, വെള്ള തോര്‍ത്തുകൊണ്ടുള്ള തലക്കെട്ടും. വെളുത്ത വിശുദ്ധ വസ്‌ത്രവും പ്രമേയത്തിലെ ആത്മീയതയും ലളിതമായ താളവും ദഫ്‌മുട്ടിനെ മലബാറിനു പുറത്തും ആരാധകരെ സൃഷ്ടിക്കുന്നു.

ദഫ് എന്ന വാദ്യോപകരണം സാധാരണയായി നിർമ്മിക്കുന്നത് മരവും ആട്ടിൻതോലും ഉപയോഗിച്ചാണ്. വൃത്താകൃതിയിലുള്ള മരച്ചട്ടയിൽ തോൽ വലിച്ച് മുറുക്കിയാണ് ഇത് തയ്യാറാക്കുന്നത്. ഇതിന്റെ വശങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ചെറിയ ലോഹത്തകിടുകൾ (Cymbals) മുട്ടുമ്പോൾ കിലുക്കം നൽകുന്നു.

ദഫ്‌മുട്ട് കേവലം ഒരു പാട്ടല്ല, മറിച്ച് ശാരീരികമായ മെയ്‌വഴക്കം ആവശ്യമായ ഒരു കല കൂടിയാണ്. കലാകാരന്മാർ വട്ടത്തിൽ നിൽക്കുകയോ വരിവരിയായി നിൽക്കുകയോ ചെയ്ത് മുന്നോട്ടും പിന്നോട്ടും ആഞ്ഞും, ചരിഞ്ഞും, മുട്ടുകുത്തിയും ചുവടുകൾ വെക്കുന്നു. ഈ ചലനങ്ങൾ പലപ്പോഴും സൂഫി നൃത്തങ്ങളോട് സാമ്യമുള്ളതാണ്. 

ദഫ്‌മുട്ട് ദീർഘനേരം അവതരിപ്പിക്കാൻ നല്ല കായിക ക്ഷമത ആവശ്യമാണ്. താളം മുറുകുമ്പോൾ ദഫിനൊപ്പം ശരീരവും വേഗത്തിൽ ചലിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ 'ഗുരുക്കന്മാരുടെ' കീഴിൽ കൃത്യമായ ശിക്ഷണം നേടിയാണ് കുട്ടികൾ ഈ കല അഭ്യസിക്കുന്നത്. പരിശീലന സമയത്ത് ശാരീരികമായ അച്ചടക്കത്തിന് വലിയ പ്രാധാന്യം നൽകുന്നു.

നേർച്ചകൾ, മൗലീദ് സദസ്സുകൾ, നബിദിന റാലികൾ എന്നിവയിൽ ദഫ്‌മുട്ട് അവിഭാജ്യ ഘടകമാണ്. പുണ്യപുരുഷന്മാരുടെ സമാധി സ്ഥലങ്ങളിൽ  ആദരസൂചകമായി ദഫ് മുട്ടാറുണ്ട്. ഇത് കേവലം വിനോദത്തിനപ്പുറം ഒരു ആത്മീയ സമർപ്പണമായാണ് വിശ്വാസികൾ കാണുന്നത്.

ദഫ്‌മുട്ടിന് സമാനമായ മറ്റൊരു കലാരൂപമാണ് അറബനമുട്ട്. എന്നാൽ അറബനമുട്ട് കൂടുതൽ കഠിനമായ ചലനങ്ങളും വലിയ വാദ്യവുമാണ് ഉപയോഗിക്കുന്നത്. ദഫ്‌മുട്ട് കുറച്ചുകൂടി ലളിതവും ജനകീയവുമാണ്.


അനുഷ്‌ഠാന കലകള്‍

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍