കേരളത്തില്‍ മലബാര്‍ മേഖലയില്‍ രൂപംകൊണ്ട പാരമ്പര്യ ആയുധകലയാണ് കളരിപ്പയറ്റ്. ലോകത്തിലെ തന്നെ ഏറ്റവും പഴയ ആയോധനകലകളിൽ ഒന്നാണ് കളരിപ്പയറ്റ്. മലബാറിലെ, പ്രത്യേകിച്ച് കടത്തനാട് പ്രദേശമാണ് കളരിപ്പയറ്റിന്റെ ഈറ്റില്ലമായി അറിയപ്പെടുന്നത്.
മനസ്സിനെയും ശരീരത്തിനെയും പാകപ്പെടുത്തി അച്ചടക്കമുള്ളതാക്കാന്‍ കഠിനമായ പരിശീലനം നല്‍കുന്ന ഇടങ്ങളാണ് കളരി. ഇത് വെറുമൊരു പരിശീലന കേന്ദ്രമല്ല, മറിച്ച് ആത്മീയതയും ആരോഗ്യവും അച്ചടക്കവും ഒത്തുചേരുന്ന ഒരു വിദ്യാലയമാണ്. വടക്കൻ കേരളത്തിൽ ഭൂമിയിൽ കുഴി എടുത്താണ് കളരി തയാറാക്കുന്നത്. മണ്ണിൽ കുഴിയെടുത്ത് നിർമ്മിക്കുന്ന കളരിയെ കുഴിക്കളരി എന്നാണ് പറയുക. കേരളത്തിന്റെ തനതായ ആയോധന പരിശീലന കേന്ദ്രമാണ് കുഴിക്കളരി. പയറ്റ് എന്നതിന് പരിശീലനം അഥവാ വ്യായാമം എന്നാണ് അര്‍ത്ഥം, പ്രത്യേകിച്ചും സായുധകലയില്‍. കളരിപ്പയറ്റിലെ പ്രായോഗികമായ പോരാട്ടമുറകളെയാണ് 'പയറ്റ്' എന്ന് വിളിക്കുന്നത്. ശ്രീലങ്കയിലും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇങ്ങനെ സ്വയം പ്രതിരോധകലയുടെ വിവിധ രൂപങ്ങള്‍ കാണാം.
ചരിത്രപരമായി നായന്മാരുടെയും ഈഴവരുടേയും (ചേകവർ) ഇടയില്‍ മാത്രം നിലനിന്ന സൈനിക പരിശീലനത്തിന്റെ അവശ്യമായ ഘടകമായിരുന്നു കളരിപ്പയറ്റ്. പിന്നീടിത് മറ്റ് സമുദായങ്ങളിലേക്കും മുസ്ലീങ്ങളില്‍ കോയമാരിലേക്കും കുഞ്ഞാലിമാരിലേക്കും പടര്‍ന്നു. ഏഴു വയസ്സു തികയുന്ന കുട്ടികളെയാണ് കളരിപരിശീലനത്തിന് അയക്കുക. ഗുരുക്കള്‍ എന്നറിയപ്പെടുന്ന അധ്യാപകന്റെ കീഴില്‍ പ്രാര്‍ത്ഥനകളോടെ അവന്റെ പരിശീലനം തുടങ്ങുന്നു. ശരീരത്തെ കഠിന പരിശീലനത്തിന് പാകപ്പെടുത്താന്‍ എണ്ണതേച്ചുള്ള ഉഴിച്ചിലോടെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നു. പ്രഭാതത്തില്‍ തന്നെ ഒഴിഞ്ഞ വയറോടെയാണ് കളരിയില്‍ വിദ്യാര്‍ത്ഥികള്‍ എത്തേണ്ടത്. നീണ്ടു വീതികുറഞ്ഞ പരുത്തി തുണി അരയില്‍ കെട്ടി ഉറപ്പിച്ചാണ് (ലങ്കോട്ടി) കളരിയിലിറങ്ങുക. ഗുരുക്കളുടെ നിര്‍ദ്ദേശങ്ങളായ വായ്‌ത്താരികള്‍ക്കൊപ്പം ശരീരം ചലിപ്പിച്ച് ചുവടുവച്ച് പരിശീലനം പുരോഗമിക്കുന്നു. ഓരോ ചലനവും, ചവിട്ടും അടവ് എന്നാണറിയപ്പെടുന്നത്. ഓരോ അടവും പലതവണ ആവര്‍ത്തിച്ചുറപ്പിച്ചാണ് അടുത്തതിലേക്ക് കടക്കുക.
ആദ്യഘട്ടപരിശീലനത്തില്‍ ശരീരം സന്നദ്ധമാകുന്നതോടെ, ആയുധ പരിശീലനത്തിലേക്ക് ശിഷ്യരെ ഗുരുക്കള്‍ നയിക്കും. മുച്ചാണ്‍ അല്ലെങ്കില്‍ ചെറുവടിയാണ് എതിരാളികളെ പ്രതിരോധിക്കാനും അവരെ ആക്രമിക്കാനും ആദ്യം പഠിപ്പിക്കുക. തുടര്‍ന്ന് കത്തി, വാള്‍, കുന്തം, ഉറുമി (ഇരുവശവും മൂര്‍ച്ചയുള്ള നീണ്ട ലോഹപാളി, പിടിയോടുകൂടിയതാണ് ഇത്) എന്നിവയിലും പരിശീലനം നല്‍കും.
ഓരോ കളരിയുടെയും നേതൃസ്ഥാനത്ത് വിദഗ്‌ധനായ ഗുരുക്കള്‍ ഉണ്ടാകും. ശിഷ്യന്‍ ഏറെ ആദരവോടെയാണ് ഗുരുക്കളെ സമീപിക്കുക. ചരിത്രപരമായി പരിശീലനം തികഞ്ഞ കളരിയോദ്ധാക്കളെ പ്രാദേശിക നാടുവാഴികളും രാജാക്കന്മാരും തങ്ങളുടെ സൈനികരായി നിയമിക്കുന്നു. പ്രാദേശിക നാടുവാഴികളുടെ കീഴില്‍ സൈനിക സേവനം അനുഷ്‌ഠിക്കുന്ന മാപ്പിളമാര്‍ക്കും അങ്ങനെ കളരി പരിശീലനം കിട്ടുന്നു.
അടി, ചവിട്ട്, മുഷ്ടി, നിലപാട്, ആയുധ പരിശീലനം, ആയുധ പോര് എന്നുതുടങ്ങി ശാരീരികവും, അസ്ഥി സംബന്ധവുമായ ക്ഷതങ്ങള്‍ക്കു ചികിത്സയും കളരികള്‍ പ്രദാനം ചെയ്യുന്നു. കേരളത്തിലെ വിവിധ മേഖലകള്‍ അവരവരുടെ സവിശേഷ രീതികളില്‍ കളരി പാരമ്പര്യം നിലനിര്‍ത്തിയിരുന്നു. അങ്ങനെ കളരിപയറ്റില്‍ വടക്കന്‍ ശൈലി, മധ്യകേരള ശൈലി, തെക്കന്‍ ശൈലി എന്നിവ വേരുറപ്പിച്ചു. തെക്കൻ ശൈലിയിലെ ചികിത്സയിൽ സിദ്ധ ചകിത്സയുടെ അംശങ്ങളും ഉണ്ട്. വടക്കൻ പ്രദേശത്തെ കുഴിക്കളരി എന്ന കളരി രീതി തെക്കൻ സമ്പ്രദായത്തിൽ സാധാരണമല്ല.