മലബാറില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരേപോലെ തങ്ങളുടേതാക്കിയ പാരമ്പര്യ നാടന്‍ കലാരൂപം ആണ് കോല്‍ക്കളി. ഗുരുക്കന്മാരുടെയോ, മുതിര്‍ന്നവരുടെയോ ശിക്ഷണത്തില്‍ കളരികളിലാണ് യഥാര്‍ത്ഥത്തില്‍ ഈ കലാരൂപം ജന്മം കൊണ്ടത്. ആയുധകലയുടെ മറ്റൊരു രൂപം ആണിത്. പതുക്കെ പതുക്കെ ഇത് സ്വന്തം വ്യക്തിത്വമുള്ള താളാത്മകമായ സംഘപ്രകടനമായി വികസിച്ചു. പ്രതിരോധ അടവുകള്‍ക്ക് കലാപരമായ ഒരു ചുവടുമാറ്റമാണ് കോല്‍ക്കളി. തെക്കന്‍ കളി, വടക്കന്‍ കളി, തിരുത്ത്, പയറ്റിക്കോല്‍, ഇരുപുറം മാറി, നായര്‍കളി, കമ്പുകളി എന്നൊക്കെയും ഇതിനെ വിളിക്കുന്നു.
വട്ടത്തില്‍ ചുവടുവച്ചു തിരിയുന്ന ഒരു സംഘം കളിക്കാര്‍ രണ്ടു മരക്കമ്പുകള്‍ താളത്തിലടിച്ച് പാട്ടുപാടുന്നതാണ് കോല്‍ക്കളി. നൃത്തച്ചുവടുകള്‍ തീവ്രഗതിയിലാകുമ്പോള്‍ താളത്തില്‍ വട്ടത്തിനുള്ളിലേക്കു നീങ്ങിയും പറത്തേക്കു മാറിയും ഈ കളിക്കാര്‍ കാണികളെ അദ്‌ഭുതസ്‌തബ്ധരാക്കുന്നു. ഇവരുടെ ചലനങ്ങള്‍ക്കൊപ്പം ആവേഗവും മൂര്‍ച്ചയും പാട്ടിനും താളത്തിനും കൈവരുന്നു.
കോല്‍ക്കളിയിലേക്കു കടന്നുവരുന്ന ഒരാള്‍ ആദ്യം അഞ്ച് അടിസ്ഥാന നടകള്‍ പഠിക്കണം. അഞ്ചടക്കം എന്നാണ് ഇവയെ പൊതുവായി വിശേഷിപ്പിക്കുന്നത്. നില്‍ക്കാടി, ചെറുതലക്കളി, മുന്നോട്ടൊഴിക്കല്‍, ഒഴിച്ചുകളിമുട്ട്, മറിഞ്ഞാടി എന്നിവയാണിത്. ഈ അഞ്ചു നടകള്‍ വൃത്തിയായി പൂര്‍ത്തിയാക്കാന്‍ 16 കളിക്കാര്‍ വേണം. 16 അടി ആവൃത്തി താളത്തിലാണ് ഇവയുടെ ചുവടുകള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഹിന്ദുസ്ഥാനി പദ്ധതിയില്‍ ഈ താളത്തെ കെര്‍വ്വ എന്നു വിളിക്കും.
അഞ്ചടക്കം പഠിച്ചാല്‍ അടുത്തവട്ടം പയറ്റിക്കോല്‍ ആണ്. ഇരുപുറം മാറി, കിഴക്കന്‍ കളി എന്നൊക്കെയും ഇതറിയപ്പെടുന്നു. ഈ ഘട്ടത്തില്‍ 12 കളിക്കാരാണ് ഉത്തമം. ധത്തിര എന്ന താളം (ധക്കിന്‍ ധിന്ന). ഇതും ഹിന്ദുസ്ഥാനി പ്രയോഗം ആണ് ഇതിന്. കോല്‍ക്കളിയുടെ ഓരോ ഘട്ടത്തിലും പ്രത്യേകതരം വായ്‌ത്താരികള്‍ ഉപയോഗിക്കും, പ്രകടനത്തിന്റെ സങ്കീര്‍ണ്ണതയും ആഴവും കൂട്ടുന്നവയാണിത്.
ഗുരുക്കള്‍ എന്നു വിളിക്കുന്ന പരിശീലകനു ചുറ്റും പന്ത്രണ്ട് കളിക്കാര്‍ ഒരു വട്ടത്തില്‍ നിന്ന് ആണ് കോല്‍ക്കളി തുടങ്ങുക. ഗുരുക്കളുടെ കൈയ്യില്‍ ഒന്നും കാണില്ല. എന്നാല്‍ ശിഷ്യരുടെ കയ്യില്‍രണ്ടു ചെറിയ കമ്പുകള്‍ കാണും. അവ തമ്മിലടിച്ചും പരസ്‌പരം സഹകളിക്കാരന്റെ കമ്പിനൊപ്പം ചേര്‍ത്തുമുട്ടിയും കളി പുരോഗമിക്കുന്നു. ഓരോ നടയും ഗുരുക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാകും.
ചാലിയം കുഞ്ഞി മുഹമ്മദ് കുരിക്കള്‍, ബിച്ചിക്കോയ കുരിക്കള്‍, ഫറൂക്ക് അബ്ദു കുരിക്കള്‍, കോഴിക്കോട് മമ്മദ്‌കോയ കുരിക്കള്‍, ചാലിയം ഇമ്പിച്ചിക്കോയ കുരിക്കള്‍, എട്ടരിക്കോട് അലികുട്ടി കുരിക്കള്‍ എന്നിവര്‍ കോല്‍ക്കളി വിദഗ്‌ധരും പ്രശസ്‌തരായ പരിശീലകരുമായിരുന്നു. ഇവരുടെ ശ്രമങ്ങള്‍ ആയുധകലയും താളഗീതപ്രകടനവും സമഞ്‌ജസമായി ഒരുമിപ്പിക്കുന്ന ഈ നാടന്‍ കലാരൂപത്തെ സംരക്ഷിക്കുവാനും പോഷിപ്പിക്കുവാനും സഹായിച്ചു. പ്രത്യേകിച്ചും മലബാര്‍ മേഖലയില്‍.