കല്യാണാഘോഷചടങ്ങുകളില്‍ സ്‌ത്രീകള്‍ അവതരിപ്പിക്കുന്ന പാരമ്പര്യ, നാടന്‍ നൃത്തരൂപമാണ്‌ ഒപ്പന. കൂടുതലും ഇത് മലബാർ മേഖലയിലാണ് നിലനിൽക്കുന്നത്. മനോഹരമായ ആ നൃത്തം പ്രധാനമായും വിവാഹ ആഘോഷങ്ങളുടെ ഭാഗമാണെങ്കിലും പൊതുവായി ഇത് ശുദ്ധമായ ആഘോഷ ഉല്‍സവപ്രകടനമാണിത്‌.  സുന്നത്ത്‌ ചടങ്ങിനിടയിലും മറ്റ്‌ ആഘോഷാവസരങ്ങളിലും ഇതു പതിവുണ്ട്‌. ഇന്ന്‌ സ്‌കൂള്‍ യുവജനോത്സവത്തിലെ ഒരു ജനകീയ ഇനമാണിത്‌. വളരെ വിശേഷമായി വസ്‌ത്രവും ആഭരണങ്ങളും ധരിച്ച വധുവിനെ ഒരു ഉയര്‍ന്ന പീഠത്തില്‍ ഇരുത്തുന്നതോടെ നൃത്തം തുടങ്ങുന്നു. താളാത്മകമായി പാട്ടിനൊത്ത്‌ കൈകള്‍ കൊട്ടി കൂട്ടുകാരികളും മറ്റ്‌ സ്‌ത്രീകളും അവള്‍ക്കു ചുറ്റും വട്ടത്തില്‍ കറങ്ങി, കാല്‍ ചവിട്ടി ആംഗ്യചലനങ്ങളോടെ പാട്ടുപാടുന്നതാണ്‌ ഒപ്പനയുടെ ബാഹ്യരൂപം. പ്രധാനപാട്ടുകാരിയുള്‍പ്പെടെ 15 പേര്‍ പാരമ്പര്യമായി ഈ നൃത്താവതരണത്തിന്‌ വേണം.

ലളിതമായ ചുവടുകളും അനായാസമായ ചലനങ്ങളുമാണ്‌ ഒപ്പനയുടെ സവിശേഷത. ഒന്നും അതിദ്രുത താളത്തിലല്ല. പ്രധാന പാട്ടുകാരി ചൊല്ലിക്കൊടുക്കുന്നവ ഉറക്കെ കൂടെച്ചൊല്ലി കൂട്ടുകാരികള്‍ നൃത്തം ചവിട്ടുന്നു. വെറും കളിയാക്കലുകള്‍ മുതല്‍, വിവാഹജീവിതത്തെ നര്‍മ്മമധുരമായി കളിയാക്കുന്ന പരാമര്‍ശങ്ങള്‍ വരെ ഈ പാട്ടുകളിലുണ്ടാകും. വധുവിന്റെ വിവാഹത്തിന്‌ തൊട്ടുമുമ്പുള്ള ഉല്‍ക്കണ്‌ഠകളാണ്‌ പ്രമേയം. പഴയകാലത്ത്‌ കൈകൊട്ടുന്നതിന്‌ ഉപരിയായി ഒരു സംഗീതോപകരണവും ഇതിന്‌ അകമ്പടിയായി ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവയുടെ ആധുനിക പതിപ്പുകളില്‍ ഹാര്‍മോണിയം, ഗഞ്ചിറ, തബല, ഇലത്താളം എന്നിവ അകമ്പടിയായി ഉപയോഗിക്കുന്നുണ്ട്‌.

ആദ്യകാലത്ത്‌ ഒപ്പന പാട്ടുകാരെ പാട്ടുകാരത്തികള്‍ എന്നു വിളിച്ചിരുന്നു. പാട്ടുകാരത്തിയാകാന്‍ ഒരുവള്‍ക്ക്‌ ശ്രവണമധുരമായ ശബ്ദം വേണ്ടിയിരുന്നു. മൂപ്പത്തി അല്ലെങ്കില്‍ കാരണോത്തി എന്നു വിളിക്കുന്ന പ്രധാന പാട്ടുകാരി വരികള്‍ പാടിക്കൊടുക്കും. മറ്റുള്ളവര്‍ കൈകൊട്ടി അവര്‍ക്കൊപ്പം ചേര്‍ന്ന്‌ പാടും. പലപ്പോഴും ഒപ്പന അവതരണം പാട്ടുമല്‍സരവും, പരസ്‌പരം കളിയാക്കലുമായി തുടര്‍ന്ന്‌ ഒരു ദിവസത്തിലേറെ നീളും. ഒന്നിനു മറുപടിയായി മറ്റൊന്നു പാടുന്നതിനെ കമ്പി പാടുക എന്നാണ്‌ പറയുക. കമ്പി പാടല്‍ ഒപ്പനയുടെ പ്രധാന സവിശേഷതയാണ്‌. 

ഒപ്പനയ്ക്ക് പ്രത്യേക വസ്ത്രങ്ങൾ വേണ്ടതുണ്ട്.  ഒപ്പനക്കു പാട്ടുകാരും വധുവും പാരമ്പര്യ മാപ്പിള വസ്‌ത്രങ്ങള്‍ ധരിക്കും. വയലറ്റ്‌ നിറമുള്ള കരയോടുകൂടിയ വെള്ളമുണ്ട്‌ (കച്ചിമുണ്ട്‌), വെളുത്ത കുപ്പായം, സില്‍ക്ക്‌ കരയുള്ള തട്ടം (മുടിമറയ്‌ക്കുന്ന തുണി) എന്നിവയാണ്‌ പാട്ടുകാരികളുടെ വേഷം. ചിലപ്പോള്‍ പച്ചകുപ്പായവും പുള്ളി കുത്തുള്ള തട്ടവും ധരിക്കാറുണ്ട്‌. വധുവിനും മറ്റു പാട്ടുകാരികള്‍ക്കും പാരമ്പര്യ മുസ്ലീം ആഭരണങ്ങള്‍ നിര്‍ബന്ധമാണ്‌. ഇലയ്‌ക്കാത്താലി, കാരക്കല്ല്‌, ചങ്കേലസ്‌, പറന്നേലസ്‌, അടിപ്പ്‌, കല്ലുമണി, മുല്ലമാല, ചക്കരമാല, ഉറുക്കം തണ്ട്‌, തോട, കഴുത്തില്‍ കെട്ടി, മണിക്കാതില, ചിറ്റ്‌, മിന്നി, വള മോതിരം, അരഞ്ഞാണം എന്നിവയാണിവ.


അനുഷ്‌ഠാന കലകള്‍

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍