കല്യാണചടങ്ങുകളില്‍ വരനു ചുറ്റും വട്ടത്തിലിരുന്ന് പാടുന്ന പാട്ടാണ് വട്ടപ്പാട്ട്. വളരെ ലളിതമായ അകമ്പടിവാദ്യങ്ങളോടെ ആണുങ്ങളും പെണ്ണുങ്ങളും പ്രത്യേകമായി വട്ടത്തിലിരുന്ന് പാടും. നടുവില്‍ ഒരു കോളാമ്പി വച്ചിരിക്കും. അടയ്‌ക്കാമരത്തിന്റെ പാള കൊണ്ടു നിര്‍മ്മിച്ച ഒരു വിശറികൊണ്ട് കോളാമ്പിയില്‍ താളത്തില്‍ തട്ടും. വിശറി ഓടിന്മേല്‍ തട്ടുമ്പോഴുള്ള പ്രത്യേക ശബ്ദം പാട്ടിന് മാധുര്യമേറ്റും. ഒപ്പം തന്നെ താളത്തില്‍ കൈകൊട്ടും. ചെറിയ ഇലത്താളങ്ങളും പാട്ടുകാര്‍ ഉപയോഗിക്കും. ചിലപ്പോള്‍ വിവാഹഘോഷയാത്രക്കൊപ്പവും വട്ടപ്പാട്ടുകാര്‍ ഒത്തുചേരും. വധുവിന്റെയോ വരന്റെയോ കൂട്ടരോടൊപ്പമായിരിക്കും ഇവരുണ്ടാവുക. ഒരു പാട്ടു സംഘത്തില്‍ എട്ടോ പത്തോ പേരുണ്ടാകും. ഇതില്‍ ആണ്‍ പാട്ടുകാരെ കൈ മുട്ടി പാട്ടുകാര്‍ എന്നും പെണ്‍പാട്ടുകാരെ കളിക്കാരത്തികള്‍ എന്നും വിളിക്കും. തൊല്ലപാട്ട്, മുഖത്തലപാട്ട്, കോളാമ്പിപാട്ട്, കല്യാണപാട്ട്, പുതിയാപ്പിളപാട്ട്, കൈമുട്ടി പാട്ട് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.
വധുവിന്റെ വീട്ടുകാര്‍ വരനെ സ്വീകരിക്കുമ്പോഴാണ് വട്ടപ്പാട്ട് തുടങ്ങുക. വരന്‍ പാട്ടുകാരുടെ ഒപ്പം വട്ടത്തിലിരിക്കുന്നു. ഈ സമയത്ത് ഒരു ക്ഷുരകന്‍ വരന്റെ മുടിയും താടിയും മുറിച്ചു മിനുക്കുന്നു. ഇതോടെയാണ് കല്യാണചടങ്ങുകള്‍ തുടങ്ങുക. വരനെ ഒരുക്കുന്ന ഈ സമയത്തുതന്നെ പാട്ടും തുടങ്ങും. ഒരുങ്ങല്‍ പൂര്‍ത്തിയാക്കുന്നതോടെ വരന്‍ കല്യാണവേഷത്തില്‍ തന്റെ അളിയന്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരോടൊപ്പം വധുവിന്റെ വീട്ടിലേക്കു നീങ്ങും. ഈ യാത്രക്കിടയില്‍ വൈനീള പാട്ടുകാര്‍ (വഴിനീളെ പാട്ടുകാര്‍) വരന്റെ സംഘത്തിനൊപ്പം ചേരും. വധുവിന്റെ വീട്ടിലെത്തിയാല്‍, വധുവിന്റെ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ വരന്റെ പാര്‍ട്ടിയെ സ്വീകരിക്കുന്നു. അവര്‍ക്കൊപ്പം അവരുടെ പാട്ടുസംഘവുമുണ്ടാകും.
വധുവിന്റെ കുടുംബത്തോടൊപ്പമുള്ള പാട്ടുസംഘം അറബിക് ഭക്തിഗാനങ്ങളായ ബെയ്‌ത്തുകള്‍ പാടിയാണ് വരനെയും കൂട്ടരേയും സ്വീകരിക്കുക. ഇതിന് മറുപടിയായി വരന്റെ സംഘം മറുപാട്ടുപാടണം. ഇരുകൂട്ടരും പരസ്‌പരം അന്വേഷണങ്ങളും ആശംസകളും കൈമാറുന്നതിനിടയില്‍ ഇരു പാട്ടുസംഘങ്ങളുടെയും ബെയ്‌ത്ത് ഗാനമത്സരം നടക്കുന്നുണ്ടാകും. തുടര്‍ന്ന് വരന്‍ പ്രത്യേക പീഠത്തിലോ, അലങ്കരിച്ച പായിലോ ഇരിക്കുന്നു. വരന്റെ പാട്ടുസംഘം വരന്റെ വലതുവശത്തും വധുവിന്റെ പാട്ടുസംഘം വരന്റെ ഇടതുവശത്തും ഇരിക്കും. വരന്റെ കൂട്ടുകാര്‍ സ്വാഗതാശംസകളോടെ തങ്ങളുടെ പ്രകടനം ആരംഭിക്കുന്നു.
തുടര്‍ന്നുള്ള സംഗീത വിരുന്നിന് ഒരു പ്രത്യേക ഘടനയുണ്ട് മുനജാത് - ആരംഭത്തിലേയുള്ള അഭ്യര്‍ത്ഥനയാണിത്. വിരുത്തം - തമിഴ് ശീലിലുള്ള ഒരു ശ്ലോകത്തിന്റെ അവതരണം, സലാംകവി - വരനെയും മുതിര്‍ന്നവരേയും അതിഥികളേയും സ്വാഗതം ചെയ്യുന്ന അറബിക് കലര്‍ന്ന തമിഴ് ഗീതമാണിത്. കല്യാണകവി - സംയോഗത്തെ ആശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന കല്യാണപാട്ട്, ചട്ടകവി - വിവാഹം തന്നെ പ്രമേയമായി വരുന്ന മറ്റൊരു അകം പാട്ടുകള്‍, മംഗളം - മുതിര്‍ന്നവര്‍, വരന്‍, വിശിഷ്ടരായ അതിഥികള്‍ എന്നിവരെ ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന പാട്ടുകളാണിവ. മംഗളം പാടുന്നതിനിടയില്‍ വിശിഷ്ടരായ അതിഥികളെയും മുതിര്‍ന്ന അംഗങ്ങളെയും പേരെടുത്തു പറയുകയും ചെയ്യും. ഈ സമയത്ത് അവര്‍ പാട്ടുകാര്‍ക്കു സമ്മാനങ്ങള്‍ നല്‍കണമെന്നാണ് കീഴ്‌വഴക്കം.
അബുബക്കര്‍ പുലവര്‍, അലിംലബ്ബഹംസ പുലവര്‍, ഗന്ധ പുലവര്‍, അബ്ദുള്‍ ക്വാദിര്‍ അണ്ണാവിയാ എന്നീ തമിഴ് കവികളുടെ ഗീതങ്ങള്‍ ആണ് പൊതുവെ വട്ടപ്പാട്ടില്‍ ഉപയോഗിക്കുക. ഏകദേശം 72 ഓളം തമിഴ് കവികളുടെയും സൂഫിഗായകനായ ഗുണാം കുഡി മസ്‌താന്റെയും രചനകള്‍ വട്ടപ്പാട്ടിനുപയോഗിക്കാറുണ്ട്. മലബാറില്‍ നിന്നുള്ള ഒട്ടേറെ പേരും വട്ടപ്പാട്ടിനു വേണ്ട ഗീതങ്ങള്‍ രചിച്ചിട്ടുണ്ട്. പയ്യാല്‍ ക്വയാത്ത്, കടയിക്കല്‍ മൊയ്‌ദീന്‍കുട്ടി ഹാജി, സി.പി. മുഹമ്മദ്, കെ.ടി. മുഹമ്മദ്, ഇബ്‌ന്‍ ആലി വടകര, ഒ. അബു, അബ്ദുറസാക്ക്, എം.ബി. മുഹമ്മദ്, സി.വി. അബു, കെ.റ്റി. മൊയ്‌തീന്‍ എന്നിവര്‍ ഇവരില്‍ ചിലരാണ്.
ആദ്യം ഒരു വട്ടംപാടിയതിനു ശേഷം വരന്റെ സംഘം വധുവിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണത്തിനു കാക്കുന്നു. എതിര്‍ ടീം ഒരേ ഇശലോ (ഈണം) വിരുത്തമോ ഉപയോഗിക്കരുതെന്നാണ് കീഴ്‌വഴക്കം. ഇങ്ങനെ മുന്നേറുന്ന പാട്ടുമല്‍സരം ഒരു ഭാഗത്തിനു പുതിയ ഈണമോ, വരികളോ ചൊല്ലാനാകാതാകുമ്പോള്‍ അവസാനിക്കും. ചിലപ്പോള്‍ ഒരു രാത്രി മുഴുവനും പിറ്റേന്നു പുലര്‍ച്ചേവരെയും ഇതുതുടരാം. ചിലയവസരത്തില്‍ ഇരുകൂട്ടരും തോല്‍വി സമ്മതിക്കാതെ മുന്നേറും. അവസാനം അത് ചൂടേറിയ വാഗ്വാദത്തില്‍ കലാശിക്കും. ഇതോടെ മുതിര്‍ന്നവര്‍ ഇടപെട്ട് സമവായത്തിലും തീര്‍പ്പിലും എത്തിക്കും.