കാസര്‍ഗോഡ് തളങ്കരയില്‍ സ്ഥിതിചെയ്യുന്ന മാലിക് ദിനാര്‍ പള്ളി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം പള്ളികളിലൊന്നാണ്. വിശ്വാസികളുടെ ഏറ്റവും ബഹുമാനം ആര്‍ജ്ജിച്ച വിശുദ്ധ സ്ഥലം. മാലിക് ഇബ്‌ന്‍ ദിനാര്‍ എന്ന തബിഇന്‍ (പ്രവാചകനായ മുഹമ്മദിന്റെ ഒപ്പം നടന്നവരുടെ അനുചരരോ, പിന്‍ഗാമികളില്‍ പെട്ടവരോ) ആണ് ഇന്ത്യയില്‍ മുസ്ലീം മതപ്രചാരണത്തിനായി ആദ്യമെത്തിയതെന്ന് വിശ്വസിക്കുന്നു.
മാലിക് ഇബ്‌ന്‍ ദിനാറും തന്റെ 12 സഹചാരികളും, സഹോദരനായ ഷരഫ് ഇബ്‌ന്‍ മാലിക്കും, ബന്ധുവായ മാലിക് ഇബ്‌ന്‍ ഹബീബും ചേര്‍ന്ന് അറേബ്യയില്‍ നിന്ന് കേരളത്തിലെത്തി, കച്ചവടക്കാരായല്ല ആത്മീയ പ്രതിനിധികളായി തന്നെയാണ് അവരെത്തിയതെന്ന് വിശ്വാസം. ഹിജ്‌റ വര്‍ഷം 22 ല്‍ രജബ് 13 ന് (ക്രി.വ 642 ല്‍) ഈ പള്ളി സ്ഥാപിച്ചുവെന്നാണ് വിശ്വാസം. മകന്‍ മാലിക് ഇബ്‌ന്‍ മുഹമ്മദിനെ ആദ്യ ഖാസിയായും മാലിക് ഇബ്‌ന്‍ ദിനാര്‍ നിയമിച്ചു. ഹിജ്‌റ വര്‍ഷം 1223 ല്‍ (ക്രി.വ 1809) പള്ളി പുതുക്കിപണിതു.
മാലിക് ഇബ്‌ന്‍ മുഹമ്മദിന്റെ ഖബര്‍ ഈ പള്ളിയിലാണ്. അതുകൊണ്ട് തന്നെ വിശ്വാസികള്‍ക്ക് ഇത് കൂടുതല്‍ വിശുദ്ധമായ ഇടമാണ്. ഓരോ വര്‍ഷവും മാലിക് ഇബ്‌ന്‍ ദിനാറിന്റെ കേരളത്തിലെക്കുള്ള വരവ് ആഘോഷിക്കാന്‍ ഇവിടെനിന്നും പുറത്തുനിന്നും ഒട്ടേറെ വിശ്വാസികള്‍ എത്തും.