മലബാർ മുസ്ലീം വിവാഹങ്ങൾ കേവലം ഒരു മതപരമായ ചടങ്ങ് മാത്രമല്ല, അത് വൈവിധ്യമാർന്ന ആചാരങ്ങളും രുചികരമായ ഭക്ഷണങ്ങളും ഒത്തുചേരുന്ന സാംസ്‌കാരിക ചടങ്ങ് കൂടിയാണ്. ഓരോ നാട്ടിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും മലബാർ വിവാഹങ്ങളുടെ സ്വഭാവം പൊതുവേ ഒന്നു തന്നെയാണ്.
തെക്കേ മലബാറില്‍ പ്രത്യേകിച്ചും കര്‍ഷകരായ മാപ്പിളമാരുടെ ഇടയില്‍ കല്യാണം വളരെ ലളിതമായ ചടങ്ങുകളോടെയാണ്. ഒരൊറ്റ ദിവസം മാത്രം നീളുന്നതാണ് ചടങ്ങുകള്‍. വധു ലളിതമായ, എന്നാല്‍ പ്രൗഢിയുള്ള വസ്‌ത്രമേ ധരിക്കൂ. വളരെ കുറച്ച് ആഭരണങ്ങളും കാച്ചി എന്നു വിളിക്കുന്ന കുപ്പായവും അരയിലുടുക്കുന്ന കള്ളിമുണ്ടുമാകും വധുവിന്റെ വിവാഹ വേഷം. വരന്‍ വെളുത്ത മുണ്ടുടുത്ത് അരക്ക് മറ്റൊരു ചെറിയമുണ്ടുകൊണ്ട് കെട്ടും, ഒപ്പം തലേക്കെട്ടും കാണും.
ആദ്യകാലത്ത് സ്ത്രീധന സമ്പ്രദായത്തിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. ബന്ധുക്കളുടെ സാന്നിധ്യത്തിൽ കാരണവന്മാരാണ് സ്ത്രീധനത്തിന്റെ തുക നിശ്ചയിച്ചിരുന്നത്. കാലക്രമത്തിൽ സ്ത്രീധന സമ്പ്രദായവും സ്ത്രീധനാവകാശവും കുറഞ്ഞു. പക്ഷേ ഇപ്പോഴും മുസ്ലീം–മാപ്പിള വിവാഹചടങ്ങുകളിൽ സ്ത്രീധനത്തിൻ്റെ പ്രാധാന്യം പൂർണമായും കുറഞ്ഞിട്ടില്ല.
വിവാഹാഘോഷത്തിന്റെ ഭാഗമായി വരന്റെയും വധുവിന്റെയും വീടുകൾ വർണ്ണവിളക്കുകളും അലങ്കരിച്ച പന്തലുകളും ഉപയോഗിച്ച് മനോഹരമായി അലങ്കരിക്കും. പണ്ടുകാലത്ത് കല്യാണ ചടങ്ങുകള്‍ രാത്രിയിലാണ് നടക്കാറ്. എന്നാല്‍ 1970 കള്‍ക്കുശേഷം മിക്ക മാപ്പിള കല്യാണങ്ങളും പകല്‍ നടക്കാന്‍ തുടങ്ങി. ഈ കല്യാണങ്ങള്‍ക്ക് വിളമ്പുന്ന സദ്യയിലുണ്ട് ലാളിത്യവും, ആഢ്യത്വവും. തനി ഗ്രാമീണ മാപ്പിള പാരമ്പര്യമുള്ള സദ്യക്ക് ലളിതമായ ഒരു ഇറച്ചിക്കറി കാണും (ആദ്യ കാലത്ത് മൂരിയിറച്ചി നിര്‍ബന്ധമായിരുന്നു). ഒപ്പം കുമ്പളങ്ങാ കറിയും ചോറും. എല്ലാവരും ഹൃദ്യമായി ഒരുമയോടെ സദ്യ ആസ്വദിക്കും. കല്യാണങ്ങള്‍ക്കു പുറമേ മറ്റ് കുടുംബാഘോഷങ്ങളും മലബാര്‍ മുസ്ലീങ്ങളുടെ പ്രത്യേകതയാണ്. പുതിയ ഒരു വീടിന്റെ പാലുകാച്ചിലിനോ, കല്യാണ ഒരുക്കങ്ങള്‍ ആരംഭിക്കുമ്പോഴോ നടക്കുന്ന കുറ്റൂസകല്യാണം, കുറികല്യാണം അഥവാ പയറ്റു കല്യാണം ഇതില്‍ പ്രാധാന്യമുള്ളതാണ്. പ്രത്യേകാഘോഷങ്ങള്‍ക്കുള്ള പണം സമ്പാദിക്കുകയാണ് ഇത്തരം കല്യാണങ്ങളുടെ പ്രധാന ഉദ്ദേശം. സാധാരണ കല്യാണത്തിനെന്ന പോലെ എല്ലാപേരേയും കല്യാണത്തിന് ക്ഷണിയ്ക്കും. അതനുസരിച്ച് നേരത്തേ നിശ്ചയിച്ചുറപ്പിച്ച തീയതിയില്‍ എല്ലാ തുറയിലുംപെട്ട ആള്‍ക്കാര്‍ ആതിഥേയന്റെ വീട്ടിലെത്തുന്നു. ഓരോരുത്തരും ഒരു തുക സംഭാവന ചെയ്യും. ഓരോരുത്തരും നല്‍കുന്ന പണം ഒരു കണക്കു ബുക്കില്‍ കുറിച്ചു വയ്‌ക്കും. ഓരോ സംഭാവനയും നല്‍കിയയാള്‍ മറ്റൊരവസരത്തില്‍ കുറിക്കല്യാണം വയ്‌ക്കുമ്പോള്‍ നേരത്തേ പണം കിട്ടിയയാള്‍ പണ്ടു ഇയാളില്‍ നിന്നും ലഭിച്ച തുകയോ അതിലേറെയോ സംഭാവനയായി നല്‍കുന്നു. പ്രത്യേക ആഘോഷാവസരങ്ങളിലെ അധിക ചെലവുകള്‍ വഹിക്കുന്നതിന് ഈ പരസ്‌പര സഹായ പദ്ധതി ഉപകരിക്കുന്നു.