വലിയപെരുനാള്‍ അല്ലെങ്കില്‍ ബലിപെരുനാള്‍ എന്നറിയപ്പെടുന്ന ഈദുള്‍ അദ മുസ്ലീം ലോകത്തെന്നപോലെ മലബാറിലെ മാപ്പിളമാരും ആഘോഷിക്കുന്നു. വീടുകള്‍ വൃത്തിയാക്കി അലങ്കരിക്കും, പള്ളികളില്‍ അലങ്കാര ദീപങ്ങള്‍ തെളിയും, ബാനറുകള്‍ കെട്ടും, പുരുഷന്മാരും ഇടക്ക് സ്‌ത്രീകളും ഒരുമിച്ചുകൂടുന്ന സമൂഹ പ്രാര്‍ത്ഥനകള്‍ രാവിലെ നടക്കും. ഇത് പള്ളികളിലോ ഈദ്‌ഗാഹ് എന്ന തുറന്ന സ്ഥലത്തോ ആകും. പ്രഭാത പ്രാര്‍ത്ഥനക്ക് ഈദ് സലാഹ് എന്ന് പറയും. സ്‌ത്രീകള്‍ ഈയവസരത്തില്‍ വര്‍ണ്ണാഭമായതും, എന്നാല്‍ ലളിതവുമായ വസ്‌ത്രങ്ങള്‍ ധരിച്ചും പുരുഷന്മാര്‍ വെളുത്ത മുണ്ടുകളുമായും പങ്കെടുക്കും.
പ്രാര്‍ത്ഥനയെ തുടര്‍ന്നുള്ള പ്രഭാഷണത്തില്‍ ഇബ്രാഹിമിന്റെ ബലിയുടെ കഥയും അതിന്റെ പ്രാധാന്യവും ആകും മുഖ്യ പ്രമേയം. അള്ളായോടുള്ള വിധേയത്വവും പങ്കിടലിന്റെയും കരുണയുടെയും പ്രാധാന്യവും വെളിപ്പെടുത്തുന്നതാണീ കഥ. ബലിപെരുന്നാളിന്റെ പ്രധാന ചടങ്ങായ ഖുര്‍ബാനി അഥവാ ഉദുഹിയാത് (മൃഗബലി തന്നെ) ഇതിനുശേഷം നടക്കും. ഓരോരുത്തരുടെയും സൗകര്യമനുസരിച്ച് ബലിമൃഗത്തെ, അത് പോത്തോ, കാളയോ ആകാം, തിരഞ്ഞെടുക്കും. മൂന്നു ഭാഗങ്ങളായി ഇറച്ചി വിഭജിക്കും : ഇതില്‍ ഒരു ഭാഗം വീട്ടുകാര്‍ക്കും, ഒരു ഭാഗം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും, ബാക്കി അത്ര കഴിവില്ലാത്തവര്‍ക്കും. ഭക്ഷണം പങ്കുവയ്‌ക്കുന്നത് കാരുണ്യത്തിന്റെ പ്രാധാന്യവും കരുതലിന്റെ പ്രസക്തിയും ചൂണ്ടിക്കാട്ടുന്നു.