ദര്‍ഗ അല്ലെങ്കില്‍ മഖാം എന്നു വിളിക്കുന്ന മുസ്ലീം വിശുദ്ധരുടെയോ രക്തസാക്ഷികളുടെയോ കബറിടങ്ങളോ ആരാധാനാലയങ്ങളോ കേന്ദ്രീകരിച്ച്, അവരുടെ സ്‌മരണക്കായി നടക്കുന്ന ആഘോഷങ്ങളാണ് നേര്‍ച്ചകള്‍. സാധാരണ ഇവരുടെ ചരമദിനത്തോടു ചേര്‍ന്നാകും ഇവ ആചരിക്കുക. നേര്‍ച്ചകള്‍ക്കായി എത്തുന്ന വിശ്വാസികള്‍ തങ്ങളുടെ ചില കാര്യസാദ്ധ്യങ്ങള്‍ക്കായി ചില വ്രതങ്ങളോ ശീലങ്ങളോ സ്വീകരിക്കും എന്നു പ്രതിജ്ഞയെടുത്ത് വിശുദ്ധരുടെ അനുഗ്രഹത്തിനായോ, ഇടപെടലിനായോ പ്രാര്‍ത്ഥിക്കുന്നു. തങ്ങളുടെ രക്തസാക്ഷികള്‍ മരിച്ചിട്ടില്ലെന്നും അള്ളായുടെ ഒപ്പം ജീവിക്കുകയാണെന്നുമാണ് ഇവരുടെ വിശ്വാസം. ഇവര്‍ക്ക് ദൈവീകതുല്യതയില്ല. എന്നാല്‍ പരമശക്തനായ ദൈവത്തോടു ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നവര്‍ എന്ന സ്ഥാനമുണ്ട്. അതുകൊണ്ട് തന്നെ തങ്ങളുടെ ക്ലേശങ്ങളിലോ പരാതികളിലോ ഇടപെട്ട് പരിഹാരം കാണാന്‍ ഇവര്‍ക്കാകും.
രണ്ടു വിധത്തിലാണ് നേര്‍ച്ചകളുടെ രീതി. ഒന്ന് പ്രാദേശിക ഉല്‍സവങ്ങളായ പൂരങ്ങള്‍ക്ക് തുല്യമായി ആഡംബരത്തോടെയും പൊലിമയോടെയും ആഘോഷിക്കല്‍. മറ്റൊന്ന് ശുദ്ധമായ മതവീക്ഷണത്തില്‍ മതാചരണങ്ങളും വ്രതങ്ങളുമായി നിശ്ശബ്ദമായി പങ്കുചേരല്‍. കൊണ്ടോട്ടി, മലപ്പുറം, പുതിയങ്ങാടി, പട്ടാമ്പി, നേര്‍ച്ചകള്‍ പൂരത്തിനു സമാനമായി അഘോഷിക്കുന്നു. മമ്പുറം, ജിഫ്രിമഖാം, പുത്തന്‍പള്ളി നേര്‍ച്ചകള്‍ ശുദ്ധമായ മത ചടങ്ങു മാത്രവും.
മുസ്ലീം വിശുദ്ധരെ, പ്രത്യേകിച്ചും സൂഫി ശ്രേഷ്‌ഠന്മാരെ, ഓര്‍മ്മിച്ചാദരിക്കുന്ന ചടങ്ങുകള്‍ കേരളത്തിനു പുറത്തും നിരവധിയായുണ്ട്. എന്നാല്‍ കേരളത്തിലെ വിശുദ്ധദിനാചരണങ്ങള്‍ പ്രാദേശിക നാട്ടുദേവതകളെ ആരാധിക്കുന്ന രീതികള്‍ വലുതായി സ്വാധീനിച്ചിട്ടുണ്ട്. വേലകള്‍, പൂരങ്ങള്‍ എന്നിങ്ങനെ ഹിന്ദു വിശ്വാസികളുടെ ആചരണ ആഘോഷങ്ങളുടെ രൂപങ്ങള്‍ നേര്‍ച്ചകളിലും കാണാം. ഹിന്ദു ഉല്‍സവങ്ങള്‍ പോലെ നേര്‍ച്ചകള്‍ വിളവെടുപ്പ് കാലവും ആഘോഷസീസണുകളുമായും ബന്ധപ്പെട്ടാണ് നടത്തുക. നേര്‍ച്ചകളിലും ആഘോഷമായ ഘോഷയാത്ര, സംഗീത, നാടക പ്രകടനങ്ങള്‍, വെടിക്കെട്ട് മുതലായവ കാണാം. ചിലയിടങ്ങളില്‍ അലങ്കരിച്ച ആനകളും ഈ നേര്‍ച്ച വരവില്‍ അണിചേരും.
ഇസ്ലാമിലേക്കു മാറിയിട്ടും കേരളത്തിലെ മുസ്ലീങ്ങള്‍ അതാതിടത്തെ പ്രാദേശിക സംസ്‌കാരവും ആഘോഷ സമ്പ്രദായങ്ങളും പൂര്‍ണ്ണമായും വെടിയാന്‍ തയ്യാറായില്ല. പുതിയ വിശ്വാസങ്ങള്‍ക്കനുസൃതമായി അവയെ പരിഷ്‌കരിച്ച് തങ്ങളുടേതാക്കുന്നു വെന്നു മാത്രം. നേര്‍ച്ചകളില്‍ മുസ്ലീങ്ങളല്ലാത്ത മറ്റു സമുദായത്തില്‍പെട്ടവര്‍ക്കും ചില പ്രത്യേക പങ്കുണ്ട്. കൊണ്ടോട്ടി നേര്‍ച്ചയില്‍ ചടങ്ങായിട്ടുള്ള തോക്കെടുക്കല്‍ എന്ന ചടങ്ങുണ്ട്. ഇതിന് അവകാശം ദളിതുകള്‍ക്കാണ്. മലപ്പുറം നേര്‍ച്ചക്ക് അപ്പം വരവും ദളിതുകള്‍ തന്നെ നടത്തുന്നു. ഹിന്ദുക്കളുടെ പൂരോല്‍സവങ്ങള്‍ക്കും ഇത്തരം ചില പങ്കാളിത്തങ്ങള്‍ക്ക് അവകാശം ദളിത് വിഭാഗക്കാര്‍ക്കു തന്നെ.
സംഗീത, താളവാദ്യ പ്രകടനങ്ങള്‍ ഇത്തരം നേര്‍ച്ചകളില്‍ ഹിന്ദുക്ഷേത്രങ്ങളിലേതിനു സമാനമാണ്. തെരുവത്ത് പള്ളി നേര്‍ച്ചക്കിടയില്‍ ഒരു പ്രത്യേക മരത്തിന്റെ ഇലകള്‍ക്ക് രാത്രി മധുരം രുചിക്കുകയും അവക്ക് ഔഷധഗുണമുണ്ടാവുകയും ചെയ്യുന്നു എന്ന വിശ്വാസമുണ്ട്. കൊണ്ടോട്ടി നേര്‍ച്ചയില്‍ ഉപയോഗിക്കുന്ന തോക്കുകള്‍ ശുദ്ധിയാക്കുന്ന എണ്ണക്ക് ഔഷധഗുണം കല്‌പിക്കുന്നുണ്ട്. ഇത്തരം നേര്‍ച്ച പള്ളികളില്‍ കബറടക്കിയ വിശുദ്ധരെ ആദരിക്കുന്ന ഗീതങ്ങളും പാട്ടുകളും ഒട്ടേറെയുണ്ട്. ഈ വിശുദ്ധരുടെ കബറിടങ്ങള്‍ ബന്ധപ്പെട്ട് ഒട്ടേറെ അദ്‌ഭുതപ്രവൃത്തികളും പ്രചാരത്തിലുണ്ട്.