ലോകത്ത് മറ്റെല്ലായിടത്തുമെന്നപോലെ കേരളത്തിലും മുസ്ലീങ്ങള്‍ പ്രവാചകനായ മുഹമ്മദിന്റെ ജന്മദിനം ഉല്‍സാഹപൂര്‍വ്വം ആഘോഷിക്കുന്നു. പ്രവാചകന്റെ ജന്മമാസമായ റാബി-അല്‍-അവ്വാലില്‍ ഉടനീളം വിവിധ ചടങ്ങുകള്‍ ഉണ്ടാകും. തെരുവുകളും കടകളും വീടുകളും ദീപങ്ങളും പൂമാലകളും കൊണ്ടലങ്കരിക്കും. എല്ലാ രാത്രിയിലും വിശ്വാസികള്‍ പള്ളികളില്‍ ഒത്തൊരുമിച്ച് കൂടി കൂട്ടമായി പ്രവാചകനെ പൂകഴ്‌ത്തികൊണ്ടുള്ള ഗീതങ്ങള്‍, മൗലീദ്, ഉറക്കെ ചൊല്ലും. ഈ ആലാപനത്തിന് ശേഷം എല്ലാപേർക്കു മധുരം നൽകുന്നത് പതിവാണ്. ഹൽവ, ഈന്തപ്പഴം, തേങ്ങാ കൊത്ത് എന്നിവ നൽകുന്നതാണ് പതിവ്.
പ്രവാചകനായ മുഹമ്മദിനെ കുറിച്ചുള്ള പ്രകീര്‍ത്തനങ്ങളും വാഴ്‌ത്തുപാട്ടുകളും ആണ് മൗലീദ്. ഷെയ്‌ഖ് സൈനുദ്ദീന്‍ സീനിയര്‍ ആണ് മൗലീദിന്റെ രചയിതാവ്. ഷെയ്‌ഖ് അഹമ്മദ് ബിന്‍ ക്വാസിമിന്റെ ഷരഫ്-അല്‍-അനവും ഇതിനുപയോഗിക്കും. പ്രവാചകന്റെ ജന്മദിനത്തിനു പുറമേ ചില സൂഫി സന്യാസിവര്യന്മാരുടെയും അടുത്ത ബന്ധുക്കളുടെയും വാര്‍ഷികങ്ങളിലും ഇവയുടെ പാരായണമോ ചൊല്ലലോ ഉണ്ടാവും. ഗദ്യ-പദ്യ സമ്മിശ്ര രചനകളാണ് ഇവയൊക്കെ.
മിലാദി ഷെരീഫ് കുട്ടികള്‍ക്ക് ഉല്‍സാഹപൂര്‍വ്വമായ പങ്കാളിത്തമുള്ള ആഘോഷമാണ്. അവരാണ് തെരുവുകള്‍ വൃത്തിയാക്കുന്നതിനും അലങ്കരിക്കുന്നതിനും മുന്നില്‍ നില്‍ക്കുന്നത്. തലേന്നേ അലങ്കരിച്ച് വര്‍ണ്ണാഭമാക്കിയ മദ്രസകളില്‍, മത വിദ്യാഭ്യാസ കേന്ദ്രളാണിവ, അവര്‍ രാവിലെ തന്നെ എത്തും. തുടര്‍ന്ന് അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് മൗലീദാലാപനവും, ജയാശംസകളും ചെറുപാട്ടുകളും പാടി, എല്ലാം പ്രവാചകനെ വാഴ്‌ത്തുന്നവ, ചെറിയ പ്രകടനമുണ്ടാകും. തെരുവിലൂടെ ഈ പ്രകടനം നീങ്ങുമ്പോള്‍ ഓരത്തുള്ള വീട്ടുകാരും കാഴ്‌ചക്കാരും മധുരപലഹാരങ്ങളും പായസവും വിതരണം ചെയ്യും. പച്ചനിറത്തിലുള്ള കൊടിയും പിടിച്ചാകും ഈ പ്രകടനം. മുസ്ലീം സ്വത്വത്തിന്റെ പ്രതീകമാണല്ലോ പച്ച.
പ്രകടനം മദ്രസകളില്‍ സമാപിക്കുമ്പോള്‍ എല്ലാവര്‍ക്കും വിരുന്ന് നല്‍കും. ഇവിടെയും മൗലീദ് ആലാപനമുണ്ടാകും. തേങ്ങാച്ചോറാകും പ്രധാന വിഭവം. ചിലപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷണം തങ്ങളുടെ വീടുകളിലേക്ക് പകര്‍ച്ചയായി കൊണ്ടുപോകും. വൈകുന്നേരങ്ങളില്‍ മുതിര്‍ന്നവരാണ് മൗലീദ് പാരായണ പ്രകടനം നടത്തുക. വീടുകളില്‍ മുതര്‍ന്നവരോ മുല്ലമാരോ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. വൈകുന്നേരത്തെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാകും ഇത്. തുടര്‍ന്ന് വിരുന്നാണ്. പാരമ്പര്യവിഭവങ്ങളായ പത്തിരിയും കോഴിക്കറിയും ഉള്‍പ്പെടെയുള്ളവ ഉണ്ടാകും. വീടുകളിലെന്ന പോലെ മുതിർന്നവർ ആഘോഷങ്ങൾ കമ്പോള പ്രദേശങ്ങളിലും നടത്തും.
മദ്രസകൾ കേന്ദ്രീകരിച്ച് കുട്ടികൾക്കായി വിവിധ കലാമത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. പ്രവാചക പ്രകീർത്തന ഗാനങ്ങൾ (മദ്‌ഹ് ഗാനങ്ങൾ), പ്രസംഗങ്ങൾ, കഥാപ്രസംഗം എന്നിവ ഇതിൽ പ്രധാനമാണ്. മലബാറിലെ നബിദിന ആഘോഷങ്ങളിലെ ഒരു പ്രധാന ആകർഷണമാണ് ദഫ്‌മുട്ട്.
പല മഹല്ലുകളിലും നബിദിനത്തോടനുബന്ധിച്ച് വലിയ തോതിലുള്ള അന്നദാനങ്ങൾ നടക്കാറുണ്ട്. 'നെയ്ച്ചോറും ഇറച്ചിക്കറിയും' ആണ് പൊതുവെ വിളമ്പാറുള്ളത്. ഇത് ജാതിമത ഭേദമന്യേ നാട്ടുകാർക്കെല്ലാം വിതരണം ചെയ്യുന്നത് സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്.
റബീഉൽ അവ്വൽ മാസം ഒന്നു മുതൽ പന്ത്രണ്ടു വരെയോ അല്ലെങ്കിൽ മാസം മുഴുവനായോ പള്ളികളിൽ രാത്രികാലങ്ങളിൽ മതപ്രഭാഷണങ്ങൾ നടക്കാറുണ്ട്. പ്രവാചകന്റെ ജീവിതം, സ്വഭാവഗുണങ്ങൾ, സമാധാന സന്ദേശങ്ങൾ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനാണ് ഈ വേദികൾ ഉപയോഗിക്കുന്നത്.
ആഘോഷങ്ങൾക്കൊപ്പം തന്നെ അഗതികളെയും രോഗികളെയും സഹായിക്കുന്ന പ്രവർത്തനങ്ങൾക്കും മുൻഗണന നൽകാറുണ്ട്. ആശുപത്രികളിൽ ഭക്ഷണം വിതരണം ചെയ്യുക, പാവപ്പെട്ടവർക്ക് വസ്ത്രങ്ങളും സാമ്പത്തിക സഹായവും നൽകുക എന്നിവ നബിദിനത്തോടനുബന്ധിച്ച് കമ്മിറ്റികൾ ഏറ്റെടുത്തു നടത്താറുണ്ട്.
കേരളത്തിലെ മാപ്പിള കലകളുടെയും സാഹിത്യത്തിന്റെയും വളർച്ചയിൽ മിലാദിഷെരീഫ് ആഘോഷങ്ങൾക്ക് വലിയ പങ്കുണ്ട്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ പങ്കെടുക്കുന്ന ഈ ആഘോഷം കേരളത്തിന്റെ മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണ്.