കോഴിക്കറി, മട്ടണ്‍ കറി, ഇറച്ചി വരട്ടിയത് (റോസ്റ്റ്) എന്നിങ്ങനെ മാപ്പിള ഭക്ഷണരീതി ഇറച്ചി വിഭവങ്ങളാല്‍ സമ്പന്നമായിരുന്നു. എന്നാല്‍ ഗള്‍ഫ് കുടിയേറ്റത്തിന്റെ പരിണതിയായ ഗള്‍ഫ് ബുമിനെ തുടര്‍ന്ന് പരമ്പരാഗത ഭക്ഷണശീലങ്ങളിലേക്ക് അറേബ്യന്‍ സ്വാധീനമുള്ള വിഭവങ്ങളും കടന്നുവന്നു. സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രുചി വൈചിത്ര്യങ്ങള്‍ പ്രാദേശിക പാചകരീതികളുമായി ഒരുമിച്ച് മന്തി, കബ്സ തുടങ്ങിയ വിഭവങ്ങളെ മാപ്പിളമാരുടെ അടുക്കളയിലെത്തിച്ചു.
ഇറച്ചി വിഭവങ്ങളില്‍ ജനപ്രിയമായ വ്യത്യസ്ഥ ഇനങ്ങളില്‍ കോഴിക്കറി, ആടിന്റെ തലക്കറി, മട്ടണ്‍കറി, ബീഫ് കറി, കുറുമ, കീമ, കബാബ്, ഇറച്ചി വരട്ടിയത്, കട്ലെറ്റ്, സമോസ, കോഴി മുറബ്ബ, ഇറച്ചിപടി, ഇറച്ചി അച്ചാര്‍ എന്നിവയും ഉള്‍പ്പെടും.
എന്നാല്‍ ഗള്‍ഫ് ബൂമിനെ തുടര്‍ന്ന് മാപ്പിള മൂസ്ലീങ്ങളുടെ ഭക്ഷണ സംസ്കാരത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ ദൃശ്യമായി. മദ്ധ്യേഷ്യയുമായുള്ള വര്‍ദ്ധിച്ച ജനസമ്പര്‍ക്കങ്ങളില്‍, ജോലിക്കായി അങ്ങോട്ടുള്ള കുടിയേറ്റവും പ്രവാസ ജീവിതവും വഴി പുതിയ തരം ഇറച്ചി വിഭവങ്ങളും പാചകരീതികളും ഇവിടെയും സാധാരണയായി. ഈയൊരു സാംസ്കാരിക കൈമാറ്റം പ്രാദേശിക രുചിക്കൂട്ടുകളെ പരിഷ്കരിച്ചു. ആഗോള സ്വാധീനത്താല്‍ പ്രാദേശിക പാചകശൈലിയില്‍ വലിയ മാറ്റങ്ങള്‍ വന്നു. മാപ്പിള അടുക്കളകളില്‍ സൗദി അറേബ്യ, യു.എ.ഇ., ഒമാന്‍ എന്നീ രാജ്യങ്ങളിലെ പാചക ശൈലികളില്‍ സ്വാധീനിക്കപ്പെട്ട ഇറച്ചി വിഭവങ്ങള്‍ക്ക് പ്രചാരം വര്‍ദ്ധിച്ചു. ഗള്‍ഫ് പാചക ശൈലി എന്ന് ഇതിനെ പൊതുവായി വിളിക്കാം. ഈ വിഭവങ്ങള്‍ പലപ്പോഴും അറേബ്യന്‍ മേഖലയിലേതിനെക്കാള്‍ കൂടുതല്‍ രസക്കൂട്ടുകള്‍ ചേര്‍ത്ത് വിപുലപ്പെടുത്തിയതായും കാണാം. മാപ്പിള അടുക്കളയിലേക്ക് കുടിയേറിയ കുറേ ജനപ്രിയമായ ഗള്‍ഫ് സ്വാധീനമുള്ള വിഭവങ്ങളില്‍ കുഴിമന്തി, അല്‍ഫഹാം, ഷവായ, ഷവര്‍മ്മ, മജ്ബസ്, കബ്സ, ഹാംമന്തി, ക്വുസി എന്നിവ എടുത്തു പറയാം. പത്തിരിക്കു പകരം അറേബ്യന്‍ ഗോതബു റൊട്ടിയായ കുബ്ബുസിനും സ്ഥാനം ലഭിച്ചു.
മദ്ധ്യേഷ്യന്‍ ഭക്ഷണവിഭവങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്ന അറബിക് വേരുകളോടുകൂടിയ ഭക്ഷണശാലകളുടെ പെരുപ്പം ഇതിനൊപ്പം ചേര്‍ത്തു കാണണം. ഈ ഭക്ഷണശാലകള്‍ ഗള്‍ഫില്‍ നിന്നു മടങ്ങിവന്ന പ്രവാസികളോടൊപ്പം നാട്ടുകാരായ ഭക്ഷണ പ്രേമികള്‍ക്കും ഗള്‍ഫ് രുചിയും വിഭവങ്ങളും ഒരുക്കി നല്കുന്നു. ചുട്ടെടുക്കുന്ന ഇറച്ചി, ഷവര്‍മ്മ, വിവിധതരം കബാബുകള്‍ തുടങ്ങി പ്രത്യേകതരം അരിവിഭവങ്ങളും ഇവിടെ ലഭിക്കുന്നു. എല്ലാത്തിനും അറബ് സ്വാധീനവും രുചിയുമുണ്ടാകും. ഇത്തരം ഭക്ഷണശാലകളില്‍ ജല്ലാബ്, കരാക് ചായ്, കവ എന്നിവയും ബക്ലാവ, കുനാഫ, ബസ്ബൂസ എന്നീ മധുരപലഹാരങ്ങളും കിട്ടും.