കണ്ണൂരിലെയും കാസറഗോഡിലെയും പുഴകളെയും കായലുകളെയും ഉള്‍പ്പെടുത്തി ടൂറിസം വകുപ്പ്‌ വിഭാവനം ചെയ്യുന്ന പദ്ധതിയാണ്‌ മലബാര്‍ റിവര്‍ ക്രൂയിസ്‌. കണ്ണൂര്‍ ജില്ലയിലെ വളപ്പട്ടണം, കുപ്പം, പെരുമ്പ,കവ്വായി, അഞ്ചരക്കണ്ടി, മാഹി എന്നീ പുഴകളും കാസറഗോഡുളള തേജസ്വിനി പുഴ, ചന്ദ്രഗിരി പുഴ, വലിയപറമ്പ കായല്‍ എന്നിവയും പരിസര പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ്‌ പദ്ധതി. വിവിധ ഇടങ്ങളിലേക്ക്‌ യാത്രികരെ കൊണ്ടുപോകുന്ന ക്രൂയിസ്‌ ബോട്ടുകളും അവയ്‌ക്ക്‌ യാത്ര ചെയ്യാനുളള ജലമാര്‍ഗവും കണ്ടെത്തി രൂപകല്‍പ്പന ചെയ്‌ത്‌ പ്രവര്‍ത്തനസജ്ജമാക്കണം. 15 ക്രൂയിസ്‌ ബോട്ടുകള്‍, പത്ത്‌ സ്‌പീഡ്‌ ബോട്ടുകള്‍, നാല്‌ സുരക്ഷാ ബോട്ടുകള്‍, രണ്ട്‌ കടലില്‍ പോകാവുന്ന ബോട്ടുകള്‍, നാല്‌ ഫ്‌ളോട്ടിങ്ങ്‌ മാര്‍ക്കറ്റുകള്‍, രണ്ടു ഫ്‌ളോട്ടിങ്ങ്‌ ഭക്ഷണശാലകള്‍, വാട്ടര്‍ സ്‌പോര്‍ട്‌സ്‌ ഉപകരണങ്ങള്‍, സുരക്ഷാ ഉപകരണങ്ങള്‍, ചാനല്‍ മാര്‍ക്കിങ്ങ്‌ മുതലായവ ഉള്‍പ്പെട്ടതാണ്‌ ഈ പദ്ധതി. ഇവയ്‌ക്കു പുറമെ ബന്ധപ്പെട്ട ഉത്തരവാദിത്ത ടൂറിസം പാക്കേജുകളും ഈ പദ്ധതിയുടെ ഭാഗമാവും. ക്രൂയിസ്‌ പാതയോടു ചേര്‍ന്നു കിടക്കുന്ന ടൂറിസം കേന്ദ്രങ്ങളിലും ഇതോടൊപ്പം വിവിധ നിക്ഷേപസാധ്യതകളാണ്‌ ഉയര്‍ന്നു വരിക. 65.5 കോടി രൂപയാണ്‌ പദ്ധതിയ്‌ക്ക്‌ പ്രതീക്ഷിക്കുന്ന ചെലവ്‌.