റോഡു മാര്‍ഗമുളള ഗതാഗതക്കുരുക്ക്‌ കുറയ്‌ക്കാനും ഉള്‍നാടന്‍ ജലാശയങ്ങളുമായി ബന്ധപ്പെട്ടുളള ടൂറിസം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട്‌ മുന്നോട്ടുവെയ്‌ക്കുന്ന പദ്ധതിയാണിത്‌. കായലുകളും അഴിമുഖങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നതായിരിക്കും ജലപാതകള്‍. ജെട്ടിയും ലോഞ്ച്‌ ഏരിയയും വിവിധ സ്‌റ്റേഷനുകളിലേക്കുളള ഗതാഗത സൗകര്യവും ഉള്‍പ്പെടുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ക്രൂയിസുകള്‍ക്കുളളിലെ വിവിധ ക്യാബിനുകള്‍, കളിസ്ഥലം, ഭക്ഷണശാലകള്‍ തുടങ്ങിയവയുടെ ഏകോപനവും ഉള്‍പ്പെടുന്നതാണ്‌ പദ്ധതി. ഉള്‍നാടന്‍ ജലഗതാഗതം ചെലവു കുറഞ്ഞതെന്നു മാത്രമല്ല, സുരക്ഷിതവും ഊര്‍ജ്ജക്ഷമതയുളളതും പരിസ്ഥിതിയ്‌ക്ക്‌ ഇണങ്ങുന്നതുമാണ്‌. തീരദേശ കപ്പല്‍പ്പാതയുമായി ബന്ധിപ്പിച്ചാല്‍ തുറമുഖങ്ങളിലേക്ക്‌ ചരക്കുനീക്കത്തിനും ഉപയോഗിക്കാവുന്ന സാദ്ധ്യതയുളളതാണ്‌ ഉള്‍നാടന്‍ ജലപാതകള്‍. അത്‌ സാദ്ധ്യമായാല്‍ ചരക്കുനീക്കത്തിന്‌ നിലവില്‍ വരുന്ന ചെലവ്‌ വളരെയധികം കുറയ്‌ക്കാനാവും. അനുബന്ധ റോഡ്‌ വികസനം, പാലങ്ങളുടെ നിര്‍മ്മാണം, ഡ്രെഡ്‌ജിങ്ങ്‌ മറ്റു ജോലികള്‍ എന്നിവയുള്‍പ്പെടെ പതിനായിരം കോടി രൂപയാണ്‌ പദ്ധതിയ്‌ക്ക്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.