പ്രൗഢമായ സാംസ്‌കാരിക പാരമ്പര്യവും ബഹുഭാഷാ സ്വാധീനവും ഭൂമിശാസ്‌ത്രപരമായുളള സവിശേഷതകളും രുചിവൈവിദ്ധ്യവും എത്തിച്ചേരാനുളള സൗകര്യവും എന്നുവേണ്ട വിനോദസഞ്ചാര മേഖലയിലെ വികസനത്തിന്‌ അനുയോജ്യമായ ഒട്ടേറെ ഘടകങ്ങളുണ്ട്‌ കാസറഗോഡ്‌ ജില്ലയ്‌ക്ക്‌. എന്നാല്‍ ഇവിടെത്തിച്ചേരുന്ന വിനോദസഞ്ചാരികളുടെ ഒഴുക്കിനെ ഉള്‍ക്കൊളളാന്‍ പാകത്തിന്‌ താമസസൗകര്യങ്ങള്‍ ഇപ്പോഴും വേണ്ടത്ര ഇല്ലെന്നു വേണം പറയാന്‍. ശ്രദ്ധേയമായ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഇവിടെ ഉണ്ടെങ്കിലും ത്രീ സ്‌റ്റാര്‍, ഫോര്‍ സ്‌റ്റാര്‍ സൗകര്യങ്ങളുളള ഹോട്ടലുകളോ മറ്റു താമസസൗകര്യങ്ങളോ കുറവാണ്‌.

വരുംവര്‍ഷങ്ങളില്‍ ഉണ്ടായേക്കാവുന്ന വിനോദസഞ്ചാരികളുടെ വരവിന്‌ അനുസൃതമായി താമസസൗകര്യമൊരുക്കാന്‍ മുന്നോട്ടു വെയ്‌ക്കുന്ന പദ്ധതിയ്‌ക്കായി ഒമ്പത്‌ ഏക്കര്‍ ഭൂമിയാണുളളത്‌. ഇതില്‍ അഞ്ചേക്കറില്‍ സ്റ്റാര്‍ നിലവാരത്തിലുളള ഹോട്ടലുകളും നാലേക്കറില്‍ ബജറ്റ്‌ ഹോട്ടലുകളുമാണ്‌ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്‌. 135 കോടി രൂപയാണ്‌ പദ്ധതിയ്‌ക്ക്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.