ബേക്കലില്‍ നിന്ന്‌ 25 കിലോമീറ്റര്‍ അകലെയായി തേജസ്വിനി പുഴ അറബിക്കടലുമായി ചേരുന്ന തീരമാണ്‌ അഴിത്തല. ശാന്തസുന്ദരമായ തീരമാണിത്‌. അലസ വിശ്രമത്തിനും മീന്‍ പിടിക്കാനും കടല്‍ത്തീര വിനോദത്തിനും മറ്റ്‌ വിനോദ പരിപാടികള്‍ക്കുമെല്ലാം അനുയോജ്യമാണ്‌ അഴിത്തല തീരം.

എല്ലാതരം വിനോദസംഘങ്ങള്‍ക്കും വന്നെത്താവുന്ന രീതിയില്‍ മികച്ച റോഡ്‌ നിര്‍മ്മിക്കുക എന്നതാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം. പുതിയ റോഡിന്‌ വേറിട്ട പ്രവേശന മാര്‍ഗവും വിശാലമായ പാര്‍ക്കിങ്ങ്‌ സൗകര്യവും ഉണ്ടായിരിക്കും. ഇങ്ങോട്ട്‌ സുഗമമായി എത്തിച്ചേരാന്‍ കഴിയുന്നതോടെ ഇവിടെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടാകും. റോഡിനൊപ്പം പ്രത്യേക സൈക്കിള്‍ പാതയും പദ്ധതിയുടെ ഭാഗമാണ്‌. പ്രദേശവാസികള്‍ താമസിക്കുന്ന ഇടങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും കടല്‍ത്തീരത്തോടു ചേര്‍ന്നുളള സൈക്കിള്‍ പാത. ഓരോ രണ്ട്‌ കിലോമീറ്ററിലും സൈക്കിളുകള്‍ വാടകയ്‌ക്കു നല്‍കുന്ന ഡോക്കിങ്ങ്‌ സ്‌റ്റേഷനുകളും നിര്‍മ്മിക്കും. ഉല്ലാസയാത്രയായും വ്യായാമത്തിന്റെ ഭാഗമായും നടത്താവുന്ന സൈക്കിള്‍ സവാരിയിലൂടെ നാടിനെ കൂടുതല്‍ അടുത്തറിയാനുളള അവസരം കൂടിയാണ്‌ സഞ്ചാരികള്‍ക്ക്‌ ലഭിക്കുന്നത്‌. 3.1 കോടി രൂപയാണ്‌ പദ്ധതിച്ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.