Onam banner

കേരളത്തനിമയുടെ നേരനുഭവം

കമ്പള നാട്ടി

ഓണക്കാലം വയനാട്ടില്‍ കൃഷിക്കാലമാണ്. പുഞ്ചയും നഞ്ചയുമാണ് വയനാട്ടിലെ കൃഷിക്കാലങ്ങള്‍. മേയില്‍ കൊയ്ത്ത് നടക്കുന്ന പുഞ്ചകൃഷി വയനാട്ടില്‍ തീരെ കുറഞ്ഞിരിക്കുന്നു. ഇടവപ്പാതിയെ ആശ്രയിച്ചുള്ള നഞ്ചകൃഷിയാണ് പൊതുവെ എല്ലായിടത്തുമുള്ളത്. ഇടവപ്പാതിയ്ക്ക് വിത്ത് വിതച്ച് കര്‍ക്കിടകം തീരും മുമ്പ് ഞാറ് പറിച്ച് നടും. മഴയില്‍ മാറ്റം വന്നാല്‍ ഞാറു നടീല്‍ ചിങ്ങത്തിലും തുടരും. ആഗസ്റ്റ് അവസാനം വരെ ഞാറ് പറിച്ച് നടുംകാലമാണ് ആദിവാസി മേഖലയില്‍. കൃഷിയുമായി ബന്ധപ്പെട്ട നിരവധി ചടങ്ങുകളുണ്ട് അവര്‍ക്ക്. കൃഷിയിറക്കുന്ന കാലത്തും, വിത്ത് വിതക്കുമ്പോഴും വിളവെടുപ്പിനും ആദിവാസികള്‍ക്ക് കമ്പള ആഘോഷമുണ്ട്. അവസാനത്തെ കമ്പളം രാജകമ്പളമാണ് അത് കൊയ്ത്തുത്സവമാണ്. നെല്‍കൃഷിയുടെ ഓരോ ദശയും അങ്ങനെ കമ്പള ആഘോഷത്തിന്റേതാണ്. ഉഴുതു മറിച്ച വിശാലമായ പാടത്തെയും കമ്പളയെന്ന് പറയാറുണ്ട്. ഇവിടുത്തെ ഞാറ് നടീല്‍ ഉത്സവമാണ് കമ്പള നാട്ടി. ആണും പെണ്ണും സംഘമായി നൃത്തച്ചുവടുകളോടെയാണ് കമ്പള നാട്ടി നടത്തുന്നത്. വിത്തിടും മുമ്പ് ദൈവങ്ങളോടും പിതൃക്കളോടും സമ്മതം വാങ്ങുന്ന ചടങ്ങുണ്ട്. കന്നിമാസത്തെ മകം നാള്‍ തെക്കന്‍ തിരുവിതാംകൂറിലെ പോലെ നെല്ലിന്റെ ജന്മ ദിനം കുറിച്യരും ആഘോഷിക്കും. തുലാപ്പത്തിന് കതിര്‍കയറ്റല്‍ ചടങ്ങുണ്ട്. നിറപുത്തരി തന്നെ ഇതും. കൊയ്ത്ത് കഴിഞ്ഞാലും കമ്പള ആഘോഷം നടക്കും. ഉത്തര മലബാറില്‍ കന്നുകാലി മത്സരങ്ങള്‍ക്കും കമ്പളയെന്ന് പറയുന്നുണ്ട്. 

ഉത്സവ കലണ്ടര്‍