Onam banner

കേരളത്തനിമയുടെ നേരനുഭവം

നീലമ്പേരൂര്‍ പടയണി

മലബാറില്‍ ഓണക്കാലം കുട്ടിത്തെയ്യങ്ങളുടേതാണെങ്കില്‍ തെക്ക് അത് പടയണിയുടേതാണ്. പ്രശസ്തമായ നീലമ്പേരൂര്‍ പടയണി തിരുവോണം കഴിഞ്ഞ് അവിട്ടം നാള്‍ ആരംഭിക്കും. മൂന്നാം ഓണത്തിന് തുടങ്ങുന്ന നീലമ്പേരൂര്‍ പടയണി 16 ദിവസം നീണ്ടു നില്ക്കും. ചിങ്ങത്തിലെ പൂരം നാളിലാണ് അവസാനിക്കുക. ചിങ്ങത്തില്‍ പടയണി നടക്കുക ഇവിടെ മാത്രമാണ്. മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ മറ്റ് പടയണികളെല്ലാം ധനുമാസത്തിലാണ് നടക്കുക.

പടയണിയെന്നാല്‍ സൈന്യം അഥവാ പടയുടെ നീണ്ടനിര. യുദ്ധത്തിലെന്ന പോലെ ജനങ്ങള്‍ അണിനിരക്കുന്ന ഉത്സവമായതിനാലാണ് പടയണി എന്ന പേര് വന്നത്. പടേനി എന്നും പ്രാദേശിക വിളിയുണ്ട്. ചേരമാന്‍ പെരുമാള്‍ നീലമ്പേരൂര്‍ സന്ദര്‍ശിച്ചതിന്റെ ഐതിഹ്യമാണ് ഈ പടയണിക്ക് പിന്നിലുള്ളതെന്ന് പറയുന്നു. തിരുവഞ്ചിക്കുളത്ത് നിന്ന് കായല്‍ വഴി എത്തിയ പള്ളിബാണപ്പെരുമാള്‍ നീലമ്പേരൂരിന്റെ പ്രകൃതി ഭംഗി കണ്ട് അവിടെ ഇറങ്ങിയെന്നും പിന്നീട് കൊട്ടാരം കെട്ടി താമസമായെന്നുമാണ് കഥ. പെരുമാള്‍ തന്റെ ഉപാസനാ മൂര്‍ത്തിയായ ഭഗവതിയെ അവിടെ പ്രതിഷ്ഠിച്ചെന്നും പറയപ്പെടുന്നു. പെരുമാളിന് കൊട്ടാര മാളികയിലിരുന്ന് കലാ പ്രകടനം ആസ്വദിക്കാനത്രെ നീലമ്പേരൂര്‍ പടയണി തുടങ്ങിയത്.

ബുദ്ധ സന്യാസിയായി മാറിയ പള്ളിബാണപ്പെരുമാള്‍ നീലമ്പേരൂരില്‍ തന്നെ സമാധിയായെന്ന് കരുതപ്പെടുന്നു. ദാരിക നിഗ്രഹത്തിനു ശേഷം ഭദ്രകാളിയെ ശാന്തയാക്കാന്‍ ശിവന്റെ ഭൂതഗണങ്ങള്‍ കോലങ്ങള്‍ വെച്ച് കെട്ടി തുള്ളിയെന്നും കാളി സംപ്രീതയായെന്നുമാണ് പടയണിയുടെ ഹൈന്ദവ വിശ്വാസം. 

ആയിരത്തോളം വര്‍ഷം പഴക്കമുണ്ട് ഈ പടയണിക്കെന്ന് കരുതുന്നു. ഫാഹിയാന്റെ യാത്രാ വിവരണത്തില്‍ നീലമ്പേരൂര്‍ പടയണിയുണ്ട്. അവിട്ടം നാളില്‍ ചൂട്ടിടലോടെ പടയണി ആരംഭിക്കുന്നു. ചതയത്തിന് രാവിലെ യുവജനങ്ങള്‍ ക്ഷേത്രാങ്കണത്തിലെത്തുന്നു. വലിയ അന്നത്തിന്റെയും, ആനയുടെയും, ചെറിയ അന്നങ്ങളുടെയും, ഭീമന്‍, യക്ഷി എന്നീ കോലങ്ങളും വെളിയിലെടുക്കുന്നു. കുടം പൂജ കളിയോടെ പടയണി ആരംഭിക്കുന്നു. പിന്നീടുള്ള ദിവസങ്ങളിലെല്ലാം വിവിധ കോലങ്ങള്‍ അരങ്ങിലെത്തി പടയണി തുടരും. പതിനഞ്ചാം ദിവസം മകം പടയണിയാണ്. പടയണിയുടെ കലാശം പൂരം നാളിലാണ്. രാത്രിയോടെ കോലങ്ങളുടെ എഴുന്നള്ളിപ്പാണ്. വെളുപ്പിനെ മൂന്നുമണിയോടെ നീലമ്പേരൂര്‍ പടയണി അവസാനിക്കും. 

ഉത്സവ കലണ്ടര്‍