Onam banner

കേരളത്തനിമയുടെ നേരനുഭവം

ഓണക്കൊയ്ത്ത്

മേടവും ചിങ്ങവും കാര്‍ഷിക സംബന്ധിയായ രണ്ട് സംക്രമ കാലങ്ങളാണ് നമുക്കുള്ളത്. മേടത്തിനു തുടങ്ങുന്ന വിരിപ്പു കൃഷിയുടെ കൊയ്ത്ത് കാലമാണ് കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷക്കാലമായ ഓണമായി കൊണ്ടാടുന്നത്. മേടത്തില്‍ തുടങ്ങി ചിങ്ങത്തില്‍ കൊയ്‌ത്തോടെ വിരിപ്പ് കൃഷി അവസാനിക്കും. ഓണക്കൊയ്‌ത്തെന്നും ചിങ്ങക്കൊയ്‌ത്തെന്നും ഇതിന് പേരുണ്ട്. കന്നി വരെ നീളുമെന്നതിനാല്‍ കന്നിക്കൊയ്‌ത്തെന്നും പറയുന്നുണ്ട്.

അശ്വതി ഞാറ്റുവേലയില്‍ തുടങ്ങി ആയില്യം, മകം ഞാറ്റുവേലകളില്‍ തീരുന്ന പ്രധാന വിളവെടുപ്പ് കാലം. നമ്മുടെ നെല്ലറകളായ കുട്ടനാട്, പാലക്കാട് എന്നിവിടങ്ങളില്‍ പാടശേഖരങ്ങളില്‍ കൊയ്ത്തുത്സവത്തിന്റെ നാളുകള്‍. ജന്മിമാരുടെ നിലങ്ങളില്‍ കര്‍ഷകത്തൊഴിലാളിയുടെ അദ്ധ്വാനത്തിന്റെ ഫലപ്രാപ്തിയുടെ ദിവസങ്ങളായിരുന്നു അവ. എന്നാലും കൊയ്ത്തുകാലവും തൊഴിലാളിക്ക് കഷ്ടപ്പാടിന്റെ കാലമായിരുന്നു.

കുട്ടനാടന്‍ കായല്‍ നിലങ്ങളില്‍ പണ്ട് കാലത്ത് തൊഴിലാളികള്‍ കുടുംബസമേതമാണ് വള്ളങ്ങളില്‍ കാലേ കൂട്ടി എത്തുക. അത്യാവശ്യം വേണ്ട സാധനങ്ങളുമായി എത്തുന്ന തൊഴിലാളികള്‍ കൊയ്ത്ത് കഴിയും വരെ പന്തല്‍ കെട്ടി വരമ്പുകളില്‍ പാര്‍ക്കും. കൊയ്ത കറ്റകള്‍ പിന്നെ കെട്ടുകളാക്കി ഏറെ ദൂരം ചുമന്ന് കളങ്ങളിലെത്തിക്കണം. കറ്റ മെതിക്കുന്നതിനും നിയതമായ രീതികള്‍ ഉണ്ട്. വലിയ കളങ്ങളില്‍ മദ്ധ്യത്തില്‍ നിന്നാണ് മെതി തുടങ്ങുക. പട്ടിണിയിലും കറ്റ മെതിക്കലെന്ന അദ്ധ്വാനവും പൂര്‍ത്തിയാക്കണം. നീളത്തിലുള്ള വച്ചു കെട്ടലില്‍ പിടിച്ചു നിന്ന് മണിക്കൂറുകള്‍ കറ്റ മെതിക്കുമ്പോള്‍ പലരുടെയും കാല്‍ പൊട്ടും. എന്നാലും 'പൊലിയോ പൊലി' പൊലിപ്പാട്ടുകള്‍ പാടിയാണ് ആഘോഷം. പൊലി അളക്കുന്നതിനും ചിട്ടവട്ടങ്ങളുണ്ടായിരുന്നു. പൊലി അളന്നാല്‍ ഏഴിന് ഒന്ന് എന്നതായിരുന്നു കൊയ്ത്ത് കൂലി. മെതി തീര്‍ത്ത് കളം പിരിയുമ്പോള്‍ ജന്മി നല്കിയിരുന്ന തുച്ഛമായ കൂലിക്കെതിരെയാണ് കുട്ടനാട്ടിലടക്കം കര്‍ഷക സമരങ്ങള്‍ ഉണ്ടായത്. കൊയ്ത്തിന് മുമ്പ് തന്നെ നിറയായി.

കര്‍ക്കിടകത്തിലെ കറുത്ത വാവ് കഴിഞ്ഞ് വരുന്ന ആദ്യത്തെ ഞായറാണ് പലയിടങ്ങളിലും ഇല്ലംനിറ. നെല്‍ക്കതിര്‍ മുറ്റത്ത് വച്ച് പൂജിച്ച് പത്തായത്തിലും മച്ചിലും പൂജാമുറികളിലും കതിര് നിറക്കും. ചിലര്‍ കതിര്‍ക്കുലകള്‍ കെട്ടിയിടും. കര്‍ക്കിടകം കഴിഞ്ഞാല്‍ ഉത്രാടം വരെയും ഉത്തര മലബാറില്‍ നിറയുണ്ട്. ഉത്രാട നിറ കാസര്‍കോഡിന്റെ പ്രത്യേകതയാണ്.

തെക്കന്‍ തിരുവിതാംകൂറില്‍ ഓണത്തിന് നെല്ലിന്റെ പിറന്നാളാണ്. ചിങ്ങത്തിലെ മകം ഇങ്ങനെ ആചരിക്കുന്നവരുണ്ട്. കന്നിയിലെ മകവും പിറന്നാളായി കൊണ്ടാടാറുണ്ട്. നിറപോലെ തന്നെ അതിന്റെ ചടങ്ങും. നെല്ലിനെ ഒഴുകുന്ന വെള്ളത്തില്‍ കുളിപ്പിച്ച് ആഘോഷപൂര്‍വ്വം വീട്ടുമുറ്റത്തേക്ക് എത്തിച്ച് ചന്ദനമണിയിച്ച് പൂജിക്കുന്നതാണ് ചടങ്ങ്. നിറയ്ക്കു ശേഷം ആദ്യത്തെ വിളവെടുപ്പിന്റെ പുന്നെല്ലരി കൊണ്ട് ആഹാരമുണ്ടാക്കുന്നതാണ് പുത്തരി നിവേദ്യം. പുത്തരി പായസം, പുത്തരി ചോറ്, പുത്തരി അവല്‍ എന്നിവയും ഉണ്ടാക്കും.  ഗുരുവായൂര്‍, ശബരിമല, ഹരിപ്പാട് ക്ഷേത്രങ്ങളില്‍ നിറ പുത്തരി ചടങ്ങുകള്‍ പ്രശസ്തമാണ്. ഓണക്കൊയ്ത്തിന്റെ ഈ പുത്തരിയുണ്ടായിരുന്നു പണ്ടത്തെ ഓണസദ്യകള്‍. ഒപ്പം മറ്റ് വിളകളുടെ വിളവെടുപ്പും ആഘോഷത്തിന് മാറ്റ് കൂട്ടി. 

ഉത്സവ കലണ്ടര്‍