പുരാതനകാലം മുതല്‍ വടക്കന്‍ കേരളത്തില്‍ നിലനിന്നു പോരുന്ന അനുഷ്‌ഠാന കലാരൂപമാണ്‌ തെയ്യം. ചിലയിടങ്ങളില്‍ കളിയാട്ടം എന്നും അറിയപ്പെടുന്നു. ആടയാഭരണങ്ങള്‍ അണിഞ്ഞ തെയ്യത്തിനെ തെയ്യക്കോലം എന്നും അനുഷ്‌ഠാനകലയെ തെയ്യാട്ടം എന്നും വിളിക്കുന്നു. ഒന്നിനൊന്നു വ്യത്യസ്‌തമായ നാനൂറിലധികം തെയ്യക്കോലങ്ങള്‍ ഇപ്പോഴുമുണ്ട്‌. പ്രശസ്‌തമായ തെയ്യക്കോലങ്ങളാണ്‌ രക്ത ചാമുണ്ഡി, കരി ചാമുണ്ഡി, മുച്ചിലോട്ടു ഭഗവതി, വയനാട്ടു കുലവന്‍, ഗുളികന്‍, പൊട്ടന്‍ തുടങ്ങിയവ. നൃത്തവും സംഗീതവും ഒരുപോലെ ഇഴചേരുന്ന അനുഷ്‌ഠാനകലയാണ്‌ തെയ്യം. കൂട്ടുകുടുംബങ്ങളുടെ വകയായ കാവുകളിലോ ഗ്രാമക്ഷേത്രങ്ങളിലോ ആണ്‌ സാധാരണയായി തെയ്യാട്ടം നടക്കുന്നത്‌. പ്രാചീനകാലത്തെ കുലദൈവങ്ങള്‍ മുതല്‍ പൂര്‍വികരെയും യുദ്ധവീരന്മാരെയുമൊക്കെ തെയ്യങ്ങളായി ആരാധിക്കുന്നു. ഓരോ തെയ്യത്തിനും വേഷത്തിലും മുഖത്തെഴുത്തിലും വ്യത്യാസമുണ്ടായിരിക്കും. പാരമ്പര്യരീതി അനുസരിച്ച്‌ എട്ടും പത്തും മണിക്കൂറെടുത്താണ്‌ ഒരു മുഖത്തെഴുത്ത്‌ പൂര്‍ത്തിയാക്കുന്നത്‌. ചെണ്ടയുടെയും ഇലത്താളത്തിന്റെയും താളത്തിനൊത്ത്‌ മുടിയണിഞ്ഞ തെയ്യക്കോലം ചുവടുവെയ്‌ക്കുമ്പോള്‍ അതീതകാലത്തെവിടെയോ നടക്കുന്ന ഒരനുഷ്‌ഠാനത്തിനാണ്‌ നമ്മള്‍ സാക്ഷ്യം വഹിക്കുന്നതെന്ന്‌ തോന്നിപ്പോകും. തെയ്യക്കോലത്തിന്റയും കാവിന്റെയും പ്രാധാന്യത്തിന്‌ അനുസരിച്ച്‌ 12 മുതല്‍ 24 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്നതാണ്‌ ഒരു തെയ്യാട്ടം. നവംബര്‍ മുതല്‍ മെയ്‌ വരെയാണ്‌ പൊതുവേ തെയ്യങ്ങളുടെ കാലം..