കാസറഗോഡുളള ക്ഷേത്രങ്ങളില്‍ പ്രചാരത്തിലുളള മറ്റൊരു അനുഷ്‌ഠാനകലയാണ്‌ തിടമ്പുനൃത്തം. ഉത്സവവേളകളിലും മറ്റ്‌ അനുഷ്‌ഠാനങ്ങള്‍ക്കുമായി ശ്രീകോവിലില്‍ നിന്ന്‌ പുറത്തെഴുന്നളളിക്കുന്ന ദേവതാസങ്കല്‍പമാണ്‌ തിടമ്പ്‌. ക്ഷേത്രത്തില്‍ കുടിയിരുത്തിയിരിക്കുന്ന പ്രധാന പ്രതിഷ്‌ഠയെയാണ്‌ തിടമ്പ്‌ പ്രതിനിധാനം ചെയ്യുന്നത്‌. മുളന്തണ്ടുകള്‍ കൊണ്ടുണ്ടാക്കുന്ന ചട്ടത്തില്‍ പൂക്കളും ആഭരണങ്ങളും കൊണ്ടലങ്കരിച്ചാണ്‌ തിടമ്പ്‌ നിര്‍മ്മിക്കുന്നത്‌. പത്തുപേരടങ്ങുന്ന സംഘമാണ്‌ തിടമ്പു നൃത്തം അവതരിപ്പിക്കുന്നത്‌. ഏതാനും പേര്‍ പക്കവാദ്യ അകമ്പടിയായും മറ്റു ചിലര്‍ വിളക്കേന്താനും ഉണ്ടാകും. അടന്ത, ചെമ്പട, പഞ്ചാരി എന്നിവയ്‌ക്കൊപ്പം തകിലടി താളവും തിടമ്പുനൃത്തത്തിന്റെ സവിശേഷതയാണ്‌. ഇവയുടെ താളത്തിനൊത്ത്‌ തിടമ്പേറ്റിയ ആള്‍ നൃത്തച്ചുവടുകള്‍ വെയ്‌ക്കുന്നു. ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തിന്‌ അരങ്ങേറുന്ന തിടമ്പുനൃത്തം അവതരിപ്പിക്കുന്നത്‌ ബ്രാഹ്മണ സമുദായാംഗങ്ങളാണ്‌. അറുന്നൂറു വര്‍ഷത്തിലധികം പഴക്കമുളളതാണ്‌ ഈ അനുഷ്‌ഠാന നൃത്തമെന്ന്‌ കരുതുന്നു.