കര്‍ണാടകത്തിലെ തെക്കന്‍ കാനറയിലും കേരളത്തില്‍ കാസറഗോഡും നിലവിലുളള കലാരൂപമാണ്‌ യക്ഷഗാനം. സംസ്‌കൃത നാടകത്തിന്റെയും നാടോടിനൃത്തത്തിന്റയും സ്വാധീനം യക്ഷഗാനത്തില്‍ കാണാം. രാമായണത്തില്‍ നിന്നും മഹാഭാരതത്തില്‍ നിന്നുമുളള കഥകളാണ്‌ യക്ഷഗാനത്തിന്‌ ഉപയോഗിക്കുന്നത്‌. യക്ഷഗാനം എന്ന വാക്കിന്റെ അര്‍ത്ഥം ദേവന്മാരുടെ സംഗീതം എന്നാണ്‌. പാട്ടിനും നൃത്തത്തിനുമൊപ്പം സംഭാഷണം കൂടി ചേര്‍ന്നതാണ്‌ യക്ഷഗാനം. ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവയുടെ താളത്തിനൊത്ത്‌ കലാകാരന്മാര്‍ പാടിയും ആടിയുമാണ്‌ കഥ അവതരിപ്പിക്കുന്നത്‌. നിയതമായ സാഹിത്യത്തിന്‌ അനുസരിച്ചല്ല, മിക്കവാറും കലാകാരന്മാരുടെ മനോധര്‍മ്മത്തിനനുസരിച്ചാണ്‌ വേദിയിലെ അവതരണം. നിറപ്പകിട്ടാര്‍ന്ന വേഷാലങ്കാരങ്ങളാണ്‌ യക്ഷഗാനത്തിനുളളത്‌. വലിയ കിരീടത്തിനൊപ്പം പൊന്‍നിറമുളള അരപ്പട്ടയും ആഭരണങ്ങളും വേഷത്തിന്റെ പകിട്ടു കൂട്ടുന്നു. പൊതുവേ ഉപയോഗിക്കുന്ന ഭാഷ കന്നട ആണെങ്കിലും തുളു, മലയാളം ഭാഷകളിലും യക്ഷഗാനം അവതരിപ്പിക്കാറുണ്ട്‌. കന്നടയില്‍ ബയലാട്ടം എന്നുകൂടി അറിയപ്പെടുന്ന യക്ഷഗാനത്തിന്‌ തമിഴ്‌ന്നാട്ടിലെ തെരുക്കൂത്തിനോടും കേരളത്തിലെ കൂടിയാട്ടം, ചാക്യാര്‍ കൂത്ത്‌ എന്നിവയോടും ആന്ധ്രയിലെ വീഥിനാടക യോടും സാമ്യമുണ്ട്‌. മഞ്ചേശ്വരത്തെ മഹാകവി ഗോവിന്ദ പൈ സ്‌മാരകത്തില്‍ ഒരു യക്ഷഗാന മ്യൂസിയവും കാസറഗോഡ്‌ ഗവ. കോളേജില്‍ യക്ഷഗാന ഗവേഷണ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്‌.