ഭഗവതി ക്ഷേത്രങ്ങളില്‍ പൂരം ആഘോഷത്തെ തുടര്‍ന്ന്‌ പുരുഷന്മാര്‍ അവതരിപ്പിക്കുന്ന അനുഷ്‌ഠാനകലയാണ്‌ പൂരക്കളി. മലയാളമാസമായ മീന (മാര്‍ച്ച്‌ -ഏപ്രില്‍)ത്തിലാണ്‌ സാധാരണ പൂരാഘോഷം നടക്കാറുളളത്‌. രാമായണത്തില്‍ നിന്നും മഹാഭാരതത്തില്‍ നിന്നുമുളള കഥകളെ അടിസ്ഥാനമാക്കിയുളളവയാണ്‌ പൂരക്കളിയില്‍ ഉപയോഗിക്കുന്ന പാട്ടുകള്‍. കത്തിച്ചുവെച്ച വിളക്കിനു ചുറ്റുമാണ്‌ പൂരക്കളി നടത്തുന്നത്‌. സംഘത്തലവനായ പണിക്കര്‍ പാടുന്ന വരികള്‍ ബാക്കി കളിക്കാര്‍ ഏറ്റുപാടും. ഇതല്ലാതെ മറ്റ്‌ അകമ്പടി പാട്ടുകാരോ വാദ്യക്കാരോ ഉണ്ടായിരിക്കില്ല. കളരിപ്പയറ്റിലെ ചുവടുകളോടു സാമ്യമുളള പൂരക്കളി ദീര്‍ഘകാലത്തെ പരിശീലനത്തിലൂടെയാണ്‌ സ്വായത്തമാക്കുന്നത്‌..