കേരളത്തിന്റെ വിവിധ ജില്ലകളില്‍ പ്രചാരത്തിലുളള നാടന്‍കലാരൂപമാണ്‌ കോല്‍ക്കളി. വടക്കന്‍ മലബാറില്‍ മുസ്ലിം സമുദായത്തിലാണ്‌ കോല്‍ക്കളിയ്‌ക്ക്‌ പ്രാധാന്യമേറെ ഉളളത്‌. കളരിപ്പയറ്റില്‍ നിന്നാണ്‌ കോല്‍ക്കളിയുടെയും ചുവടുകള്‍ രൂപം കൊണ്ടതെന്നു കരുതുന്നു. നര്‍ത്തകര്‍ വട്ടത്തില്‍ നിന്ന്‌ പാട്ടിന്റെ താളത്തിനൊത്ത്‌ ചുവടു വെയ്‌ക്കുന്നതിനൊപ്പം കോലു കൊണ്ട്‌ താളത്തിലടിക്കുകയും ചെയ്യുന്നു. ചുവടുകള്‍ക്കനുസരിച്ച്‌ കളിക്കാരുടെ വൃത്തം വലുതാവുകയും ചുരുങ്ങുകയും ചെയ്യും. കൈലിമുണ്ടും ബനിയനും തലയില്‍ കെട്ടുമാണ്‌ മുസ്ലിങ്ങള്‍ക്കിടയിലെ കോല്‍ക്കളിയുടെ വേഷം. താളാത്മകമായ ചുവടുകള്‍ കോല്‍ക്കളിയുടെ സവിശേഷതയാണ്‌. ഇരുന്നുകൊണ്ട്‌ തമ്മില്‍ കോലടിച്ചുളള ഇരുന്നുകളി, അന്യോന്യം കോലു കൊണ്ട്‌ തടുത്തുകൊണ്ടുളള തടുത്തുകളി, പാട്ടിന്റെ താളത്തിനൊത്ത്‌ ചുറ്റിത്തിരിഞ്ഞും മറ്റുമുളള താളം ചവിട്ടിക്കളി എന്നിങ്ങനെ തികഞ്ഞ മെയ്യഭ്യാസം ആവശ്യമായ ചുവടുകളാണ്‌ കോല്‍ക്കളിയെ രസകരമാക്കുന്നത്‌.