മുസ്ലിം സമുദായത്തില്‍ വിശിഷ്ടവേളകളില്‍ സ്‌ത്രീകള്‍ അവതരിപ്പിച്ചു പോന്നിരുന്ന സംഘനൃത്തമാണ്‌ ഒപ്പന. അണിയിച്ചൊരുക്കിയ വധുവിനെ നടുവിലിരുത്തി മാപ്പിളപ്പാട്ടിന്റെ അകമ്പടിയോടെയാണ്‌ ഒപ്പന അവതരിപ്പിക്കുന്നത്‌. വിവാഹത്തിനു പുറമെ മാര്‍ക്കക്കല്യാണം, വയസറിയിക്കല്‍, നാല്‌പതുകുളി തുടങ്ങിയ വിശേഷദിവസങ്ങളിലും ഒപ്പന അവതരിപ്പിക്കാറുണ്ട്‌. ഹാര്‍മോണിയം, തബല, ഗഞ്ചിറ, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങളാണ്‌ ഒപ്പനപ്പാട്ടിന്‌ അകമ്പടിയായി ഉപയോഗിക്കുന്നത്‌. ഒപ്പനപ്പാട്ടിന്‌ ചായല്‍ എന്നും മുറുക്കം എന്നു രണ്ട്‌ വകഭേദങ്ങളുണ്ട്‌. പതിഞ്ഞ താളത്തിലുളള ചായലിന്‌ ചുവടുകളും പതുക്കെയായിരിക്കും. ഇതില്‍ കൈ കൊട്ടലുമുണ്ടാവില്ല. മുറുക്കം പേരുപോലെത്തന്നെ മുറുകുന്ന താളത്തിനൊത്തുളള ദ്രുതചലനമാണ്‌. പാട്ടിന്റെ താളത്തിനൊത്ത്‌ കൈ കൊട്ടിയുമാണ്‌ മുറുക്കം ചവിട്ടുന്നത്‌.