മലബാറിലെ മുസ്ലിങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുളള കലാരൂപമാണ്‌ ദഫ്‌ മുട്ട്‌. ദഫ്‌ എന്നും തപ്പിട്ട എന്നും അറിയപ്പെടുന്ന സംഗീത ഉപകരണം കൈയിലേന്തിയുളള നൃത്തമായതു കൊണ്ടാണ്‌ ദഫ്‌ മുട്ട്‌ എന്ന പേരു വന്നത്‌. ആറോ അതിലധികമോ കലാകരന്മാരുടെ സംഘമാണ്‌ ദഫ്‌ മുട്ട്‌ അവതരിപ്പിക്കുന്നത്‌. ഒരാള്‍ പാടുകയും ബാക്കിയുളളവര്‍ ഏറ്റു പാടുകയും ചെയ്യും. ചടുലമായ ചുവടുകള്‍ക്കൊപ്പം ദഫില്‍ താളം പിടിച്ചും പ്രത്യേകരീതിയില്‍ ചുഴറ്റിയും വീശിയുമുളള നൃത്തം കാണികളെ പിടിച്ചിരുത്തുന്നതാണ്‌. രക്തസാക്ഷികളെയും വീരന്മാരെയും പ്രകീര്‍ത്തിക്കുന്നവയാണ്‌ ദഫ്‌ മുട്ടിനുപയോഗിക്കുന്ന പാട്ടുകള്‍.