സാധാരണക്കാരനും കലാസ്വാദകനും ഒരുപോലെ വിരുന്നാകുന്ന കലാരൂപം. വർണാഭമായ ഉടുത്തുകെട്ടും കിരീടവും അലങ്കാരങ്ങളും കൃഷ്ണനാട്ടത്തിനെ കൂടുതൽ ആസ്വാദ്യമാക്കുന്നു. കടുംപച്ചയും റോസുമാണ് സാധാരണ ഉപയോഗിക്കുന്ന നിറങ്ങൾ. ചുവന്ന കുപ്പായവും ഉത്തരീയവുമാണ് മിക്കവാറും എല്ലാ വേഷങ്ങൾക്കുമുളളത്. കൃഷ്ണൻ, അർജുനൻ, ഗരുഡൻ എന്നിവർക്ക് കരിനീല കുപ്പായമായിരിക്കും.
പരമ്പരാഗതരീതിയിൽ എട്ടുദിവസം നീളുന്ന കൃഷ്ണനാട്ടത്തിൽ ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുളള കഥയാണ് അവതരിപ്പിക്കുക. മദ്ദളം, ഇലത്താളം, ചേങ്ങില എന്നിവയാണ് പക്കവാദ്യങ്ങളായി ഉപയോഗിക്കുന്നത്.