പെരിയാര്‍ കടുവ സങ്കേതം

 

കേരളത്തിലെ രണ്ട് കടുവ സംരക്ഷണ കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഉഷ്ണമേഖലാ  മഴക്കാടുകള്‍ നിറഞ്ഞ മലനിരകള്‍, സ്വച്ഛ നീലിമയില്‍ അലിയുന്ന പെരിയാര്‍ തടാകം, ആനയും, കാട്ടുപോത്തും കടുവയും മാനുകളും ഉള്‍പ്പെടുന്ന വന്യജീവി സമ്പത്ത്, വിവിധതരം പക്ഷികള്‍, സസ്യജാലങ്ങള്‍, ചിത്രശലഭങ്ങള്‍ എന്നിങ്ങനെ സന്ദര്‍ശകര്‍ക്ക് വിജ്ഞാനപ്രദവും ആനന്ദകരവുമാണ് പെരിയാറിലെ കാഴ്ചകള്‍. സാഹസിക നടത്തം, ക്യാമ്പിംഗ്, തമ്പടിക്കല്‍, ഉള്‍വനത്തില്‍ കയാക്കിംഗ് എന്നിങ്ങനെ വനംവകുപ്പ് ഒരുക്കുന്ന നിയന്ത്രിത വിനോദസഞ്ചാരം ലോകോത്തര നിലവാരത്തിലുള്ളതാണ്. വിദേശികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ വരും പെരിയാറിലെ നിത്യസന്ദര്‍ശകര്‍. 977 ചതുരശ്ര കിലോമീറ്ററാണ് പെരിയാര്‍ സംരക്ഷിത മേഖലയുടെ വ്യാപ്തി.

പെരിയാര്‍ വനസമ്പത്ത്
സസ്യ വൃക്ഷാദികള്‍
: പുല്‍മേടുകളും കുറ്റിക്കാടുകളും തുടങ്ങി മഴക്കാടുകള്‍ വരെ ഉള്‍ക്കൊള്ളുന്ന പെരിയാര്‍ വനമേഖല സസ്യ വൃക്ഷാദികളുടെ വലിയൊരു ജൈവശേഖരമാണ്. 1965 പുഷ്പിത സസ്യങ്ങള്‍ ഇവിടുണ്ട്, 171 ഇനം പുല്‍വര്‍ഗ്ഗങ്ങളും 143 ഇനം ഓര്‍ക്കിഡുകളും. തെക്കേ ഇന്ത്യയില്‍ കാണപ്പെടുന്ന ഏക സൂചിതാഗ്ര വൃക്ഷമായ Podocarpus Wallichianus ഉം പെരിയാര്‍ കാടുകളിലുണ്ട്.

ജന്തുജാലം : ആന, കടുവ, കാട്ടുപോത്ത്, മ്ലാവ്, കാട്ടു പട്ടി, പുള്ളിപ്പുലി, കരടി, നീര്‍നായ് തുടങ്ങി 60-ഓളം സസ്തനികള്‍ പെരിയാര്‍ വനമേഖലയിലുണ്ട്. മംഗളാദേവി തുടങ്ങി ഉയര്‍ന്ന കുന്നിന്‍ ചരുവുകളില്‍ വരയാടുകളെ കാണാം. ഹനുമാന്‍ കുരങ്ങിനെയും കരിങ്കുരങ്ങിനെയും ബോട്ട് അടുക്കുന്നതിന് അടുത്ത് തന്നെ കാണാം. ഉള്‍വനങ്ങളില്‍ സിംഹവാലന്‍ കുരങ്ങുകളും ഉണ്ട്.

പക്ഷികള്‍ : 265 ഇനം പക്ഷികള്‍ പെരിയാര്‍ മേഖലയില്‍ ഉണ്ട്. വേഴാമ്പലുകള്‍, ഓലഞ്ഞാലികള്‍, തേന്‍ കുരുവികള്‍, മരംകൊത്തികള്‍, പ്രാണി പിടിയന്മാര്‍, ചിലു ചിലുപ്പന്മാര്‍, എന്നു തുടങ്ങി തീക്കാക്ക വരെ നീളുന്ന പക്ഷി സമൃദ്ധി.

ഉരഗങ്ങള്‍ : മൂര്‍ഖന്‍, അണലി, ശംഖുവരയന്‍ എന്നിങ്ങനെ വിഷമുള്ളതും മലമ്പാമ്പ്, കുഴിമണലി തുടങ്ങി വിഷമില്ലാത്തതുമായ 30 ഇനം പാമ്പുകളും, പറയോന്ത്, ഉടുമ്പ് എന്നിവ ഉള്‍പ്പെടെ 13 ഇനം അരണ വര്‍ഗ്ഗങ്ങളും ഇവിടെയുണ്ട്. ഉരഗ വര്‍ഗ്ഗങ്ങളില്‍പ്പെട്ട 45 ഇനം ജീവികള്‍ കാണാം.

ഉഭയ ജീവികള്‍ : തവളകളും, ആമയും ഉള്‍പ്പെടെ 27 ഇനം ഉഭയജീവികള്‍ പെരിയാറില്‍ കാണാം. പച്ചിലപ്പാറാന്‍ തവള, മണവാട്ടിത്തവള, കാട്ടുമണവാട്ടി തവള തുടങ്ങി വിവിധ ഇനം തവളകള്‍ സീസിലിയന്‍സ് വിഭാഗത്തില്‍ പെട്ട കൈകാലുകള്‍ ഇല്ലാത്ത ജീവി വര്‍ഗ്ഗങ്ങളും ഉഭയ ജീവികളില്‍പ്പെടുന്നു.

മത്സ്യ വര്‍ഗ്ഗങ്ങള്‍ : ശുദ്ധജലത്തില്‍ വളരുന്ന മഹ്ഷീര്‍ ഉള്‍പ്പെടെ നിരവധി മത്സ്യ ഇനങ്ങള്‍ പെരിയാര്‍ തടാകത്തില്‍ ഉണ്ട്. രാജ്യത്ത് ഉയര്‍ന്ന മലനിരകളില്‍ മാത്രം കാണപ്പെടുന്ന തനി നാടനായ 'ഗെയിം ഫിഷ്' ആണ് മഹ്ഷീര്‍.

പെരിയാര്‍ വന്യജീവി സങ്കേതത്തിനു ചുറ്റും കാപ്പി, ഏലം, കുരുമുളക്, തേയിലത്തോട്ടങ്ങള്‍ ആണ്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങള്‍ ആണിവ.

പെരിയാര്‍ കടുവാ സംരക്ഷിത പ്രദേശത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സ്വകാര്യ സംരംഭകരുടേതുമായ ഒട്ടേറെ താമസ സൗകര്യങ്ങള്‍ ലഭ്യമാണ്. പെരിയാര്‍ വനമേഖലയില്‍ പ്രവേശനം വനംവകുപ്പ് നിയന്ത്രിച്ചിട്ടുണ്ട്. കടുവ സംരക്ഷിത മേഖല ഉദ്യോഗസ്ഥര്‍ പ്രവേശന നിരക്ക് ഈടാക്കി ആണ് പ്രവേശനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അകത്ത് പ്രവേശിച്ചാല്‍ ബോട്ടിംഗ്, സാഹസിക നടത്തം എന്നിവയ്ക്ക് സൗകര്യങ്ങളുണ്ട്. കാടിനകത്തു തമ്പടിക്കലിനും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

വിശദ വിവരങ്ങൾക്ക്

ഫീല്‍ഡ് ഡയറക്ടര്‍ (പ്രൊജക്ട് ടൈഗര്‍)
ഓഫീസ് ഓഫ് ദി ഫീല്‍ഡ് ഡയറക്ടര്‍
എസ്. എച്ച്. മൗണ്ട്, കോട്ടയം കേരളം, ഇന്ത്യ - 686006
ഫോണ്‍ : + 91 481 2311740
ഇ-മെയ്ല്‍ : fd@periyartigerreserve.org
വെബ്‌സൈറ്റ് : www.periyartigerreserve.org
ഡെപ്യൂട്ടി ഡയറക്ടര്‍ (പെരിയാര്‍ ഈസ്റ്റ്)
പെരിയാര്‍ ടൈഗര്‍ റിസര്‍ച്ച്
തേക്കടി കേരളം, ഇന്ത്യ - 685536
ഫോണ്‍ : + 91 4869 222027
ഇ-മെയ്ല്‍ : dd@periyartigerreserve.org

എങ്ങനെ എത്താം

അടുത്തുളള റെയില്‍വേസ്‌റ്റേഷന്‍ : കോട്ടയം,  110 കി. മീ. |  വിമാനത്താവളം : മധുര, (തമിഴ്നാട്) 140 കി. മീ., കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം,  190 കി. മീ.

ഭൂപട സൂചിക

അക്ഷാംശം : 9.4679 രേഖാംശം : 77.143328

മറ്റു സ്ഥല വിവരങ്ങള്‍

ശരാശരി മഴ : 25 സെ. മീ.

ഭൂപടം

District Tourism Promotion Councils KTDC KTIL Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism Muziris Heritage saathi nidhi Sahapedia
Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2024. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis.
×
This wesbite is also available in English language. Visit Close