അസുരന്മാരെ മയക്കാൻ വിഷ്ണു അണിഞ്ഞ സുന്ദരസ്ത്രീരൂപമാണത്രെ മോഹിനി. പാലാഴി കടഞ്ഞപ്പോൾ കിട്ടിയ അമൃത് അസുരന്മാരിൽ നിന്നും കൈക്കലാക്കാനാണ് വിഷ്ണു മോഹിനീരൂപം കെട്ടിയത്. ആ ഇതിഹാസ സന്ദർഭത്തെ അനുസ്മരിക്കാനായി ക്ഷേത്ര നർത്തകിമാരാണ് ആദ്യമായി മോഹിനിയാട്ടം ആടിയതെന്ന് കരുതുന്നു. എന്തായാലും ഈ നൃത്ത രൂപത്തിന്റെ ലാവണ്യത്തിൽ ലോകം തന്നെ മയങ്ങിപ്പോയി.
പതിഞ്ഞ താളത്തിലുളള സംഗീതത്തിനൊത്ത് കൺകോണുകളിലും ഉടലിലും നിറയുന്ന ലാസ്യം കാണികളുടെ ഹൃദയം കവരുന്നതാണ്.
ആദ്യം അവതരിപ്പിച്ചത് ദേവദാസികളായതുകൊണ്ട് ദാസിയാട്ടം എന്നായിരുന്നു മോഹിനിയാട്ടം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. 9 മുതൽ 12 നൂറ്റാണ്ടു വരെയുളള ചേര ഭരണകാലത്ത് മോഹിനിയാട്ടം പ്രസിദ്ധിയാർജിച്ചു. ലളിത വസ്ത്രധാരണവും തനതു കേരളീയ ആഭരണങ്ങളും അതിനോടു ചേർന്നു നിൽക്കുന്ന ചമയവും മോഹിനിയുടെ പ്രൗഢിയേറ്റുന്നു.