കേരളത്തിലെ മുസ്ലിം സമുദായത്തിലെ പ്രസിദ്ധമായ കലാരൂപം. അണിഞ്ഞൊരുങ്ങിയ വധുവിനെ നടുക്കിരുത്തി ചുറ്റിലും പെൺകുട്ടികൾ കൈകൊട്ടിപ്പാടി നൃത്തം ചെയ്യുന്നു. വിവാഹ ആഘോഷങ്ങളുടെ ഭാഗമായുളള സംഘനൃത്തമാണിത്. ലളിതമായ ചുവടുകളും വ്യത്യസ്ത താളത്തിലുളള കൈകൊട്ടലുമാണ് ഒപ്പനയുടെ സവിശേഷത. വരന്റെ ഗുണഗണങ്ങൾ വർണിക്കുന്നവയാണ് സാധാരണ ഒപ്പനപ്പാട്ടുകൾ. സംഘത്തിലെ പ്രധാനി പാടുന്ന വരികൾ ബാക്കിയുളളവർ ഏറ്റുപാടും. നിറമുളള പട്ടുവസ്ത്രങ്ങളണിഞ്ഞ് ആഭരണവിഭൂഷിതയായ വധുവും ചുറ്റും പ്രസരിപ്പോടെ നൃത്തം ചെയ്യുന്ന സഖിമാരും ഒപ്പനയെ ഹൃദ്യമായൊരു അനുഭവമാക്കി മാറ്റുന്നു.