പരമ ശിവന്റെ ജന്മദിനമായ ധനുമാസത്തിലെ തിരുവാതിര നാളിലാണ് തിരുവാതിര ആഘോഷവും കൈകൊട്ടിക്കളിയും. ഡിസംബര്‍ - ജനുവരിയിലാണ് പൊതുവേ ഈ ദിനം വരിക.
സാമ്പ്രദായികമായ മലയാളി വേഷം ധരിച്ച എട്ടോ പത്തോ സ്ത്രീകള്‍ വട്ടത്തില്‍ നിന്ന് താളത്തില്‍ പാട്ടുപാടി ചുവടു വച്ച് നൃത്തം ചവിട്ടുന്നതിനെയാണ് കൈകൊട്ടിക്കളി അഥവാ തിരുവാതിരക്കളി എന്നു പറയുന്നത്. ചലനങ്ങള്‍ക്കും ചുവടുകള്‍ക്കും ശാരീരിക വഴക്കത്തിനും പ്രാധാന്യം നല്‍കുന്നതാണ് ഈ നൃത്തരീതി. ഭാവ പ്രകടനങ്ങള്‍ക്ക് അത്ര പ്രാധാന്യമില്ല. നിറങ്ങളുള്ള കരയോടു കൂടിയ വെളുത്ത നേര്യതും മുണ്ടും(സെറ്റ് സാരി) ആണ് സ്ത്രീകള്‍ ധരിക്കുക. മുടിയിൽ മുല്ലപ്പൂമാല കൊണ്ടലങ്കരിക്കും. വാമൊഴിയായി കൈമാറി വന്ന പാട്ടുകള്‍ക്കു പുറമെ പുതിയതായി എഴുതപ്പെട്ട പാട്ടുകളും ഇപ്പോള്‍ ഉപയോഗിച്ചു വരുന്നു. പാടുന്നതിനൊപ്പം കൈകൊട്ടിയാടുന്നതിനാലാണ് കൈകൊട്ടിക്കളി എന്ന പേര് വന്നത്.