കേരളത്തിലെ അതിപുരാതന വള്ളംകളിയാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി. എല്ലാവരും ആകാംക്ഷാഭരിതരായി, ആദരവോടെ കാത്തിരിക്കുന്ന കായികോത്സവം. ചിങ്ങ മാസത്തിലെ ഉത്രട്ടാതി നക്ഷത്രത്തിന് നടത്തുന്ന ഈ വള്ളംകളിയെ വ്യത്യസ്തമാക്കുന്നത് അതുമായി ബന്ധപ്പെട്ട ചരിത്രവും അതിന്റെ ഗാംഭീര്യവുമാണ്.
പത്തനംതിട്ട ജില്ലയിലെ പമ്പ നദിതീരത്തുള്ള പൈതൃക ഗ്രാമമാണ് ആറന്മുള. തിരുവോണ സദ്യക്കുള്ള എല്ലാ വിഭവങ്ങളും താൻ എത്തിക്കുമെന്ന് ഒരു ഭക്തനായ ബ്രാഹ്മണൻ ഉറപ്പു നൽകിയെന്നാണ് ഐതിഹ്യം. തിരുവോണം നക്ഷത്രത്തിന്റെ അന്നാണ് തിരുവോണ സദ്യ. തിരുവോണത്തോണി എന്നറിയപ്പെടുന്ന വള്ളത്തിലാണ് വിഭവങ്ങൾ പാർത്ഥസാരഥി ക്ഷേത്രത്തിൽ എത്തിക്കുക. വിഭവങ്ങളുമായി വന്ന തിരുവോണത്തോണിയെ ശത്രുക്കൾ ആക്രമിച്ചുവെന്നും, അപ്പോൾ ആ പ്രദേശത്തു ഉണ്ടായിരുന്ന ചുണ്ടൻ വള്ളങ്ങൾ അക്രമികളെ തുരത്തി എന്നുമാണ് ഐതിഹ്യം. ഈ സംഭവത്തിന്റെ സ്മരണാർത്ഥമാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി തികഞ്ഞ പ്രൗഢിയോടെ ഇന്നും ആഘോഷിക്കുന്നത്. ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഭഗവാൻ കൃഷ്ണനുള്ള അർച്ചനയാണ് ഈ വള്ളംകളി.
ആറന്മുള വള്ളംകളിക്കു ഉപയോഗിക്കുന്ന ചുണ്ടൻ വള്ളങ്ങളെ പള്ളിയോടം എന്നാണ് വിളിക്കുന്നത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രധാന ദേവനായ ഭഗവാൻ കൃഷ്ണനാണ് ഈ പള്ളിയോടങ്ങൾ രൂപകൽപന ചെയ്തത് എന്നാണ് വിശ്വാസം. ആറ് മുളകൾ ചേർത്ത് നിർമ്മിച്ച ചങ്ങാടത്തിൽ ഭഗവാൻ കൃഷ്ണൻ പമ്പയാറ്റിൽ പ്രത്യക്ഷപെട്ടു എന്ന് ഭക്തർ വിശ്വസിക്കുന്നു. അങ്ങനെയാണത്രെ ഈ ഗ്രാമത്തിനു ആറന്മുള എന്ന പേര് ലഭിച്ചത്. ആറു മുളകൾ കൂട്ടിക്കെട്ടിയ ചങ്ങാടം എന്ന പേര് അങ്ങനെ അന്വർത്ഥമാകുന്നു.
എങ്ങനെ എത്താം
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : ചെങ്ങന്നൂർ നിന്നും 10 കീ. മീ. ദൂരം. | അടുത്തുള്ള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 117 കീ. മീ. ദൂരെ.