കേരളത്തിലെ ഏറ്റവും പുരാതന ക്ഷേത്രോത്സവമാണ് ആറാട്ടുപുഴ പൂരം എന്നു കരുതപ്പെടുന്നു. തൃശൂർ ജില്ലയിലെ ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തിലാണ് പൂരം നടക്കുക. ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ എല്ലാ ദൈവങ്ങളുടെയും ദേവതകളുടെയും സംഗമം ഉണ്ടാകുമെന്നാണ് വിശ്വാസം. ഇരുപത്തിമൂന്നിൽ അധികം ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകൾ ഈ ഉത്സവത്തിന് എത്തിച്ചേരുന്നു. ക്ഷേത്രങ്ങളുടെ പങ്കാളിത്തം കൊണ്ടും ചടങ്ങുകളുടെ വൈവിദ്ധ്യവും വൈപുല്യവും കൊണ്ടും കേരളത്തിലെ തന്നെ ഏറ്റവും വലിയ പൂരമായ ആറാട്ടുപുഴ പൂരത്തിനെ "പൂരങ്ങളുടെ മാതാവ്" എന്നാണ് വിശേഷിപ്പിക്കാറ്. പൂരം നാൾ അർദ്ധരാത്രിയിൽ അമ്പതോളം ആനകൾ അണിനിരക്കുന്ന കൂട്ടിയെഴുന്നളളത്തും, ആഘോഷത്തിന്റെ സമാപ്തി കുറിച്ചു കൊണ്ടുളള ആറാട്ടും പ്രധാന ആകർഷണങ്ങളാണ്. ഈ രണ്ടു ചടങ്ങുകൾക്കും സാക്ഷികളാവാൻ പതിനായിരക്കണക്കിനു ആളുകളാണ് എത്തിച്ചേരുക. കൊയ്ത്തൊഴിഞ്ഞ വയലിനു നടുവിലെ പൂരം എഴുന്നളളിപ്പും ഉത്സവമേളവും കേരളത്തിൽ നിന്നകന്നു കൊണ്ടിരിക്കുന്ന ഗ്രാമീണതയുടെ നേർചിത്രമായി അവശേഷിക്കുന്നു.
എങ്ങനെ എത്താം
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : തൃശൂർ, 14 കി.മീ. | അടുത്തുള്ള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 44 കി.മീ.