സ്ഥലം : തൃപ്പൂണിത്തുറ, എറണാകുളം
കേരളത്തിലെ എല്ലാ നാടൻ കലാരൂപങ്ങളുടെയും സാന്നിധ്യമാണ് അത്തച്ചമയത്തിന്റെ സവിശേഷത. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷത്തിന്റെ നാന്ദി കൂടിയാണ് ഈ സാംസ്കാരികോത്സവം. ചിങ്ങ മാസത്തിലെ (ആഗസ്ത് - സെപ്തംബർ) അത്തം നക്ഷത്രത്തിന്റെ അന്ന് കൊച്ചി നഗര പ്രാന്തത്തിലുള്ള തൃപ്പൂണിത്തുറയിലാണ് അത്തച്ചമയം സാംസ്കാരികാഘോഷം നടക്കുക. മുൻ കൊച്ചി രാജാവിന്റെ വിജയസ്മരണകൾ നിലനിർത്തുന്നതിന് ആണ് പ്രധാനമായും അത്തച്ചമയം ആഘോഷിക്കുന്നത്.
നെറ്റിപ്പട്ടം കെട്ടിയ ആനകളും, വാദ്യ ആഘോഷങ്ങളും, കേരളത്തിന്റെ മാത്രം നാടൻ കലാരൂപങ്ങളും ചേർന്ന വർണ്ണ ശബളാഭമായ ഘോഷയാത്ര ചരിത്രത്തിലേക്കുള്ള തിരിഞ്ഞു നടപ്പാണ്.