കേരളത്തിലെ ഏറ്റവും പഴയ രംഗകലയാണ് കൂടിയാട്ടം. ഭരതമുനിയുടെ നാട്യശാസ്ത്രത്തോളം പഴക്കമുണ്ട് കൂടിയാട്ടത്തിന് എന്നാണ് കരുതുന്നത്. തുടർന്നുളള നൂറ്റാണ്ടുകളിൽ കൂടിയാട്ടം നവീകരിക്കപ്പെട്ടു കൊണ്ടിരുന്നു. പരമ്പരാഗതമായി ചാക്യാർ, നങ്ങ്യാർ സമുദായക്കാരാണ് കൂടിയാട്ടം അവതരിപ്പിച്ചു പോന്നത്. ക്ഷേത്രമതിലിനകത്തായിരുന്നു അവതരണം. ഒരേ സമയം രംഗത്ത് രണ്ടോ അതിലധികമോ കഥാപാത്രങ്ങൾ ഉണ്ടാകും. ചാക്യാന്മാർ പുരുഷകഥാപാത്രങ്ങളെയും നങ്ങ്യാരമ്മമാർ സ്ത്രീ കഥാപാത്രങ്ങളെയും അവതരിപ്പിക്കും. അണിയറയിൽ മിഴാവ് വായിക്കുന്നത് നമ്പ്യാർ ആയിരിക്കും.
കൂടിയാട്ടത്തിലെ ജനപ്രിയ കഥാപാത്രം വിദൂഷകനാണ്. സംഘത്തിലുളള എല്ലാവരെയും കളിയാക്കുകയും വിമർശിക്കുകയും ചെയ്യും വിദൂഷകൻ. പുരാണേതിഹാസങ്ങളിൽ നിന്നുളള കഥകളാണ് ഭൂരിഭാഗവും അവതരിപ്പിക്കുക. ആറു മുതൽ ഇരുപത് ദിവസം വരെ എടുത്താണ് ഒരു കഥ ആടിത്തീർക്കുക. കൂടിയാട്ടം കാണാൻ ആഗ്രഹമുളളവർക്ക് ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രത്തിലോ തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലോ പോയാൽ ഇപ്പോഴും കാണാൻ കഴിയും.