കുന്നുകളുടേയും കോവിലകങ്ങളുടേയും തേക്കിന്റേയും നാടാണ് നിലമ്പൂര്‍. നിലമ്പൂര്‍ ടൗണില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെയാണ് ലോകത്തെ ആദ്യത്തെയും ഏറ്റവും പഴയതുമായ നട്ടുവളര്‍ത്തിയ തേക്കു തോട്ടം. ചാത്തു മേനോന്‍ എന്ന നാട്ടുപ്രമാണിയുടെ സഹായത്തോടെ മലബാര്‍ കളക്ടറായിരുന്ന എച്ച്. വി. കൊണോലിയാണ് രണ്ടര ഹെക്ടറില്‍ പരന്നു കിടക്കുന്ന ഈ തേക്കിന്‍ തോട്ടം നട്ടു പിടിപ്പിച്ചത്. സ്വാഭാവികവനങ്ങളില്‍ വളരുന്ന തേക്കിന്റെ തൈകള്‍ സംഘടിപ്പിച്ച് നട്ടുപിടിപ്പിച്ചതാണ് ഈ രണ്ടര ഹെക്ടര്‍ തേക്കിന്‍ തോട്ടം.
കൊണോലിയുടെ ഓര്‍മ്മയ്ക്കായി ആദ്യമായി ഇരുവരും ചേര്‍ന്നു നട്ടുപിടിപ്പിച്ച തേക്കിന്‍തൈ ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ട്. സഹായിയായ ചാത്തുമേനോന്റെ ഓര്‍മ്മത്തറയും ഇവിടെ തന്നെ. 1840-ലാണ് ഈ തേക്കിന്‍തോട്ടത്തിന് തുടക്കം കുറിച്ചത്. നിലമ്പൂരില്‍ തന്നെ കേരള വനഗവേഷണകേന്ദ്രം (KFRI) സ്ഥാപിച്ച തേക്കു മ്യൂസിയവുമുണ്ട്. ടൗണില്‍ നിന്ന് 4 കിലോമീറ്റർ അകലെയാണ് ഈ തേക്കു മ്യൂസിയം. മധ്യമലബാറിലെ നാടുവാഴികളായ കോവിലകം അധികാരികളുടെ കേന്ദ്രവുമാണ് നിലമ്പൂര്‍. നിലമ്പൂര്‍ പാട്ട് എന്നറിയപ്പെടുന്ന കളമെഴുത്തു പാട്ടിന്റെ ഒരു സവിശേഷരൂപം കോവിലകം വക ക്ഷേത്രത്തിലെ പ്രത്യേകതയാണ്. സൈലന്റ് വാലി വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന കാളികാവ് ഫോറസ്റ്റും, ചോലനായ്ക്കരുടെ ആവാസ കേന്ദ്രമായ മാഞ്ചീരിയും നിലമ്പൂരിനു അടുത്തു തന്നെ.
അടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : നിലമ്പൂര്‍ റോഡ് സ്‌റ്റേഷന്‍, ഷോര്‍ണ്ണൂരില്‍ നിന്നു നിലമ്പൂര്‍ക്കുള്ള റെയില്‍വേ പാതയുടെ അവസാന സ്റ്റേഷന്‍ | വിമാനത്താവളം : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, 26 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 11.26779 രേഖാംശം : 76.206404