തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ വാര്‍ഷിക ആഘോഷ ചടങ്ങ് കൊടുങ്ങല്ലൂര്‍ ഭരണി എന്നറിയപ്പെടുന്നു. മലയാളം പഞ്ചാംഗം അനുസരിച്ചുള്ള മീനമാസത്തിലാണ് (മാര്‍ച്ച് - ഏപ്രില്‍) ഇത്. ഉത്സവത്തിലെ പ്രധാന ചടങ്ങ് ഭരണി നാളിനു തലേന്ന് അശ്വതി നാളില്‍ നടക്കുന്ന കാവു തീണ്ടലാണ്. ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന കൊടിക്കൂറകളാല്‍ അലംകൃതമാകും ക്ഷേത്രം. ചുവന്ന പട്ടുടുത്ത് വലിയ പള്ളിവാളുകൾ ഉയര്‍ത്തി വീശി കോമരങ്ങളുടെ നേതൃത്വത്തില്‍ ഭക്തര്‍ തെറിപ്പാട്ടുകള്‍ പാടി, കോലടിച്ച് ക്ഷേത്രത്തിലേക്ക് അണപൊട്ടുന്ന പോലെ ഒഴുകുന്നതാണ് അശ്വതി കാവു തീണ്ടല്‍. കോമരങ്ങള്‍ക്കോപ്പം അകത്തു കയറുന്നവര്‍ തങ്ങളുടെ കയ്യിലുള്ള ചെറു കോലുകള്‍ പരസ്പരം അടിച്ചും, ശ്രീ കോവിലിന്റെ ചെമ്പുമേല്‍ക്കൂരയിലടിച്ചും പാടി ആഘോഷിക്കുന്നു. ഭക്തിയുടെ പാരമ്യത്തിൽ കോമരങ്ങള്‍ ശ്രീകോവിലിനു മുന്നില്‍ വന്നു നിന്ന് സ്വന്തം നെറ്റി വാളുകള്‍ കൊണ്ട് വെട്ടി മുറിവേല്‍പ്പിക്കുന്നു. അമ്മദൈവത്തിന്റെ വിളയാട്ടങ്ങളും അമ്മ ദൈവമായി ഉയരലും ആണ് ഈ ചടങ്ങുകളുടെ ആകെത്തുക. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും വടക്കന്‍ കേരളത്തില്‍ നിന്നും പാലക്കാടന്‍ മേഖലയില്‍ നിന്നും ആണ് ഏറെ ഭക്തരെത്തുക. കണ്ണകിയുടെ കഥയും, ദാരിക നിഗ്രഹത്തിനു ശേഷം ഭദ്രകാളി തിരിച്ചെത്തിയ ദിനമെന്നും ഒട്ടേറെ ചരിത്ര വ്യാഖ്യാനങ്ങളും ഐതിഹ്യങ്ങളും ഈ ആഘോഷത്തിനു പിന്നിലുണ്ട്.
എങ്ങനെ എത്താം
അടുത്ത റെയില്‍വേ സ്റ്റേഷന്‍ : ഇരിങ്ങാലക്കുട, 20 കി. മീ. | വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 30 കി. മീ.