വേദി : കൊട്ടിയൂര്‍ അമ്പലം
സ്ഥലം : കൊട്ടിയൂര്‍
ജില്ല : കണ്ണൂര്‍
വനത്തിനുള്ളില്‍, കുതിച്ചാര്‍ത്തു പായുന്ന പുഴ സാക്ഷിയാക്കി ഒരു മഹോത്സവം അനുഭവ വേദ്യമാക്കാന്‍, സഞ്ചാരികളുടെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനേ കഴിയൂ. അക്കരെ കൊട്ടിയൂര്‍, ഇക്കരെ കൊട്ടിയൂര്‍ എന്നീ അമ്പലങ്ങള്‍ ബാവലിപ്പുഴയുടെ രണ്ടു കരകളിലായി മുഖത്തോടു മുഖം നോക്കി നില്‍ക്കുന്നു. കണ്ണൂരിന്റെ കിഴക്കന്‍ മേഖലയിലുള്ള ചെറു കുന്നുകള്‍ക്കിടയിലാണ് ഈ പ്രദേശം. ബാവലി പുഴയുടെ തീരത്തുള്ള ഈ ക്ഷേത്രങ്ങളിലെ ഉത്സവം വടക്കന്‍ കേരളത്തിലെ പ്രധാന ഉത്സവങ്ങളില്‍ ഒന്നാണ്. ഉത്സവത്തിനു വേദിയാവുക അക്കരെ കൊട്ടിയൂര്‍ അമ്പലമാണ്. എല്ലാ വര്‍ഷവും ഈ ഉത്സവ ദിവസങ്ങളായ 28 ദിനരാത്രങ്ങളേ ഈ അമ്പലം തുറന്നിരിക്കൂ എന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ ഇക്കരെ കൊട്ടിയൂര്‍ ശിവക്ഷേത്രം എന്നും തുറന്നിരിക്കുന്ന ക്ഷേത്രമാണ്. അക്കരെ കൊട്ടിയൂര്‍ മലയാള പഞ്ചാംഗമനുസരിച്ച് ഇടവമാസത്തിലെ ചോതി നക്ഷത്രത്തില്‍ തുറക്കും, മിഥുന മാസത്തിലെ ചിത്തിര നക്ഷത്രത്തില്‍ അടയ്ക്കും. സാധാരണ കാലവര്‍ഷം കടന്നു വരുന്ന മേയ് - ജൂണ്‍ ദിവസങ്ങളിലാണ് ഈ ഉത്സവം. ബാവലി പുഴയ്ക്ക് അക്കരെ ഒരു സ്വയംഭൂലിംഗമാണ് അക്കരെ കൊട്ടിയൂരിലെ ആരാധനാമൂര്‍ത്തി. സാധാരണ ക്ഷേത്രങ്ങളില്‍ കാണുന്ന ഒരു വാസ്തു നിര്‍മ്മിതിയും അക്കരെ കൊട്ടിയൂരിലില്ല, മണിത്തറ എന്നു വിളിക്കുന്ന പുഴയില്‍ നിന്നു ശേഖരിക്കുന്ന വെള്ളാരം കല്ലുകള്‍ കൊണ്ടാണ് ശിവലിംഗത്തിനു പീഠം നിര്‍മ്മിക്കുക. ഓല കൊണ്ട് ശ്രീ കോവിലും മറ്റും തീര്‍ത്ത് നെയ്യാട്ട (നെയ്യ് കൊണ്ട് അഭിഷേകം) ത്തോടെയാണ് ആരാധനയും ഉത്സവവും ആരംഭിക്കുക. വയനാട്ടില്‍ മുതിരേരി കാവില്‍ നിന്ന് ആഘോഷമായി പള്ളിവാള്‍ എഴുന്നള്ളിച്ചു കൊണ്ടു വന്ന് ഇവിടെ സ്ഥാപിച്ച് പൂജയുമുണ്ട്. ഉത്സവ ശേഷം ക്ഷേത്രം അടയ്ക്കുമ്പോള്‍ മുതിരേരി കാവിലേക്ക് ഈ വാള്‍ തിരികെ കൊണ്ടു പോവും. രോഹിണി ആരാധന ആണ് ഉത്സവത്തിലെ ഏറ്റവും വിശുദ്ധവും പ്രാധാന്യമേറിയതുമായ ദിവസം. സ്വയംഭൂലിംഗത്തിന് കരിക്കു കൊണ്ട് അഭിഷേകവും കരിക്കു വഴിപാടും പ്രസിദ്ധമാണ്. ഇളനീര്‍ വയ്പ്പ് എന്നാണ് ഇതിനു പറയുക. ഉത്സവം അവസാനിക്കുക ഇളനീരാട്ടത്തോടെയാണ്. അന്ന് വഴിപാടായി കിട്ടിയ എല്ലാ കരിക്കുകളും വെട്ടി മുഖ്യ പൂജാരി അതിന്റെ മധുരവെള്ളം ശേഖരിച്ച് ലിംഗത്തില്‍ അഭിഷേകം നടത്തും. പലപ്പോഴും മഴയത്താകും ഈ ഇളനീരാട്ടം. മേയ് - ജൂണ്‍ കാലയളവ് കേരളത്തില്‍ കാലവര്‍ഷത്തിന്റെ ആരംഭ സമയമാണ്.