തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവങ്ങളില്‍ ആദ്യത്തേതാണ് പൈങ്കുനി ഉത്സവം. തിരുവിതാംകൂറിന്റെ ചരിത്രം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രം കൂടിയാണ്, ഈ മൂര്‍ത്തിയുടെ ദാസന്മാരായാണ് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ രാജ്യഭരണം നടത്തിയിരുന്നത്.
മലയാളം കലണ്ടര്‍ അനുസരിച്ച് മീനമാസത്തിലെ (ഇംഗ്ലീഷ് കലണ്ടര്‍ അനുസരിച്ച് മാര്‍ച്ച് - ഏപ്രില്‍) രോഹിണി നാളില്‍ കൊടിയേറ്റോടു കൂടി തുടങ്ങി പത്താം ദിവസം അത്തം നാളില്‍ സമാപിക്കുന്ന ഈ ക്ഷേത്രത്തിലെ ഉത്സവമാണ് പൈങ്കുനി ഉത്സവം. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ പാണ്ഡവന്മാരുടെ അഞ്ചു വലിയ പ്രതിമകള്‍ ഉത്സവനാളുകളില്‍ ഉയരും. മഴയുടെ ദൈവമായ ഇന്ദ്രനെ പ്രസാദിപ്പിക്കാനാണ് ഇതെന്ന് വിശ്വസിക്കുന്നു. വളരെയേറെ പ്രത്യേക ചടങ്ങുകളും മറ്റ് കലാപരിപാടികളും കഥകളിയും മറ്റും ഉത്സവനാളുകളിലുണ്ടാവും. ഒമ്പതാം ദിവസം തിരുവിതാംകൂര്‍ രാജവംശത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം പള്ളിവേട്ടയ്ക്കു പുറപ്പെടും. കിഴക്കേക്കോട്ടയിലെ തന്നെ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലേക്കാണ് ഈ എഴുന്നള്ളത്ത്. പത്താം ദിവസം ആരാധനാ വിഗ്രഹങ്ങളുടെ ആറാട്ടിനായി ശംഖുമുഖം കടല്‍ത്തീരത്തേക്ക് ആറാട്ടെഴുന്നള്ളത്ത് നടക്കും.
തിരുവിതാംകൂര്‍ കൊട്ടാരത്തിലെ മുതിര്‍ന്ന അംഗം ആചാര, അലങ്കാര വിശേഷങ്ങളോടെ പള്ളിവാളേന്തി ആറാട്ടു ഘോഷയാത്രയില്‍ പങ്കെടുക്കും. പുരുഷന്മാരായ എല്ലാ രാജകുടുംബാംഗങ്ങളും ഈ ആറാട്ടു ഘോഷയാത്രയില്‍ അണിനിരക്കുന്നത് നൂറ്റാണ്ടുകളായുള്ള ആചാരമാണ്.
എങ്ങനെ എത്താം
അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : തിരുവനന്തപുരം സെന്‍ട്രല്‍, ഒരു കി. മീ. | അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 6 കി. മീ.