മലയാളികളുടെ മഹോത്സവമാണ് തിരുവോണം. കേരളം വാണ നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. മലയാള മാസമായ ചിങ്ങമാസത്തില്‍ തിരുവോണം നാളിലാണ് പ്രധാന ആഘോഷം. ഓണത്തിന് പ്രാദേശിക വകഭേദങ്ങള്‍ ഏറെയുണ്ടെങ്കിലും എല്ലാ വീടുകളിലും ഓണത്തപ്പനെ അലങ്കരിച്ചു വച്ച്, വീടൊരുക്കി, ബന്ധുക്കളോടൊപ്പം ഓണസദ്യ കഴിക്കുന്നതാണ് പ്രധാന ചടങ്ങ്. ഇതിനു പത്തു ദിവസം മുമ്പെ അത്തം നാളില്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. വീടിനു മുന്നില്‍ മുറ്റത്ത് പൂക്കളമിട്ടാണ് തുടക്കം. തിരുവോണം നാള്‍ വരെ ഒമ്പതു ദിവസവും മുറ്റം പൂക്കളം കൊണ്ട് അലങ്കരിക്കും. ഒത്തൊരുമയുടെയും സൗഹൃദത്തിന്റേയും സമൃദ്ധിയുടെയും ഉത്സവമാണിത്. ഓണസദ്യക്ക് പായസവും, പ്രഥമനും ഒരുക്കുന്നതും പതിവാണ്. പാരമ്പര്യമായ ഓണക്കളികള്‍ക്കു പുറമെ സംസ്ഥാന ആഘോഷമായ ഓണം ആഘോഷിക്കാന്‍ സര്‍ക്കാരും സംഘടനകളും ഒട്ടേറെ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. നാട്ടിലും വീട്ടിലും ഒരുപോലെ ആഘോഷം, അതാണ് തിരുവോണത്തിന്റെ പ്രത്യേകത.