വേദി : വൈക്കം മഹാദേവക്ഷേത്രം
ജില്ല : കോട്ടയം
കേരളീയ വാസ്തു ശില്പകലയുടെ മികച്ച ഉദാഹരണമാണ് വൈക്കം മഹാദേവ ക്ഷേത്രം. നൂറ്റെട്ടു ശിവാലയങ്ങളിൽ ഒന്നാണിതെന്ന് കരുതുന്നു. വേമ്പനാട്ടു കായലിനു തീരത്തെ ഈ മഹാക്ഷേത്രം ഗാംഭീര്യം, വലുപ്പം, ക്ഷേത്ര വാസ്തുശില്പത്തിന്റെ പൂര്‍ണ്ണത, ചുവര്‍ചിത്രങ്ങള്‍, ദാരുശില്പങ്ങള്‍, വിശാലമായ മതില്‍ക്കെട്ട് എന്നിവയാല്‍ മനോഹരവും സാമൂഹ്യ, ചരിത്ര സംഭവങ്ങളാല്‍ പ്രസിദ്ധവുമാണ്. ഈ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവമാണ് വൃശ്ചിക മാസത്തില്‍ ആഘോഷിക്കുന്ന പന്ത്രണ്ടു ദിവസത്തെ വൈക്കത്തഷ്ടമി ഉത്സവം. നവംബര്‍ - ഡിസംബര്‍ മാസങ്ങളിലാണ് ഈ ഉത്സവ ദിനങ്ങള്‍ വരിക. നൃത്ത, സാംസ്കാരിക പരിപാടികള്‍, താളമേളങ്ങളോടെ ആഘോഷപൂര്‍വ്വമായ എഴുന്നള്ളിപ്പ് എന്നിവയാൽ പ്രസിദ്ധമാണ് ക്ഷേത്രോല്‍സവം. അവസാന ദിവസത്തെ കൂടിപ്പിരിയൽ ചടങ്ങും അതിനുശേഷം അടുത്തുള്ള ഉദയനാപുരം ക്ഷേത്രത്തിലേക്കു ഭഗവാന്റെ എഴുന്നള്ളിപ്പും മടങ്ങിവരവും കഴിയുന്നതോടെ ഉത്സവ പരിപാടികള്‍ക്കു സമാപനമാവും.
എങ്ങനെ എത്താം
അടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : എറണാകുളം, 36 കി. മീ., കോട്ടയം, 40 കി. മീ. | അടുത്തുളള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 56 കി. മീ.