കോട്ടകള്‍ക്ക്‌ കീര്‍ത്തികേട്ട നാടാണ്‌ കാസറഗോഡ്‌. ചിലതൊക്കെ നല്ലരീതിയില്‍ സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ചിലത്‌ ജീര്‍ണാവസ്ഥയിലാണ്‌. ജില്ലയിലെ ഒമ്പതു കോട്ടകളെ ബന്ധിപ്പിച്ചു കൊണ്ടുളള പദ്ധതിയാണ്‌ ഫോര്‍ട്ട്‌ സര്‍ക്യൂട്ട്‌. ചരിത്രപ്രാധാന്യമുളള ഈ കോട്ടകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഓരോ കോട്ടയുടെയും ചരിത്രം കഥ പറച്ചിലിലൂടെ അവതരിപ്പിക്കുന്ന ഒരു പാക്കേജും പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്‌. ബേക്കല്‍ കോട്ട, ചന്ദ്രഗിരി കോട്ട, ഹോസ്‌ദുര്‍ഗ്‌ കോട്ട, പൊവ്വല്‍ കോട്ട, കുമ്പള കോട്ട, കുണ്ടംകുഴി കോട്ട, കാസറഗോഡ്‌ കോട്ട, ബന്തടുക്ക കോട്ട എന്നിവയാണ്‌ ഫോര്‍ട്ട്‌ സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുന്ന കോട്ടകള്‍. കോട്ടകളുടെ നവീകരണം, ചുറ്റുപാടും മോടിപിടിപ്പിക്കല്‍, പാര്‍ക്കിങ്ങ്‌ സൗകര്യമൊരുക്കല്‍, ശൗചാലയങ്ങള്‍, ലഘുഭക്ഷണശാലകള്‍, കുട്ടികളുടെ പാര്‍ക്ക്‌ എന്നിവയുടെ നിര്‍മ്മാണം എന്നിവ ഉള്‍പ്പെടുന്ന പദ്ധതിയുടെ ചെലവ്‌ 1.85 കോടി രൂപയാണ്‌.