വിനോദത്തിനും വ്യവസായത്തിനും പ്രാധാന്യം നല്‍കി തയ്യാറാക്കുന്ന പദ്ധതിയാണിത്‌. വൈകുന്നേരങ്ങളില്‍ ആരംഭിച്ച്‌ രാത്രി വെളുക്കുന്നതുവരെ ഭക്ഷണവും വിനോദവും കലാപരിപാടികളും കൊണ്ട്‌ സജീവമായിരിക്കുന്ന ഒരിടം. നഗരത്തില്‍ കുടുംബമായെത്തി രാത്രി ചെലവിടാന്‍ പറ്റിയൊരു പൊതുവിടം സൃഷ്ടിക്കുക എന്നതാണ്‌ ഈ പദ്ധതി കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുളള ജനങ്ങളെ ഉള്‍ക്കൊളളുന്ന വിധത്തിലായിരിക്കും പദ്ധതി പ്രാവര്‍ത്തികമാക്കുക. കരണ്ടക്കാട്‌ മുതല്‍ നുളളിപ്പാടി വരെയുളള 1.7 കിലോമീറ്റര്‍ ഫ്‌ളൈ ഓവറിനു താഴെയാണ്‌ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്‌. മൊബൈല്‍ ഫുഡ്‌ ഹബ്‌, ലഘുഭക്ഷണശാലകള്‍, ഓപ്പണ്‍ എയര്‍ തിയറ്റര്‍, ഗെയിം സോണ്‍, കുട്ടികളുടെ പാര്‍ക്ക്‌, തെരുവോര മാര്‍ക്കറ്റ്‌, രാത്രി നടത്തത്തിനുളള പാത, പബ്ബ്‌, സംഗീത ജലധാര, പാര്‍ക്കിങ്ങ്‌ സൗകര്യം, മാലിന്യ നിര്‍മാര്‍ജന യൂണിറ്റ്‌ തുടങ്ങിയവ ഒരുക്കും. ഏകദേശം 2.45 കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.