പളളിക്കര റെയില്‍വേ മേല്‍പ്പാലത്തിനു കീഴില്‍ തിരുവനന്തപുരത്തെ മാനവീയം മാതൃകയില്‍ റിങ്ങ്‌ റോഡ്‌ നിര്‍മ്മിക്കുന്നത്‌ ബേക്കല്‍ തീരത്തേക്കുളള യാത്ര സുഗമമാക്കും. ആധുനിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും റോഡിന്റെ നിര്‍മ്മാണം. നിലവിലുളള റോഡിനെ ബിഎം - ബിസി ടാറിങ്ങ്‌ ചെയ്‌ത്‌ ഉറപ്പുളളതാക്കും. റോഡിനോടു ചേര്‍ന്ന്‌ സൈക്കിള്‍ പാതയും കൈവരിയോടു കൂടിയ നടപ്പാതയും പാര്‍ക്കിങ്ങ്‌ സൗകര്യവും ഉണ്ടായിരിക്കും. വെളളമൊഴുകിപ്പോകാനുളള പ്രത്യേക ഡ്രെയിനേജ്‌ സംവിധാനവും ഉദ്ദേശിക്കുന്നുണ്ട്‌. ചിത്രങ്ങള്‍ നിറഞ്ഞ മതിലും പൂച്ചെടികളും തണല്‍മരങ്ങളും പാതയുടെ ഭംഗി വര്‍ദ്ധിപ്പിക്കും. ഡിവൈഡറുകള്‍, സൈഡ്‌ ബീമുകള്‍, ഗാര്‍ഡ്‌ സ്‌ട്രിപ്പുകള്‍, സിഗ്നലുകള്‍, റോഡ്‌ അടയാളങ്ങള്‍, ഡ്രെയിനേജ്‌ സംവിധാനം എന്നിവയടങ്ങിയ റിങ്ങ്‌ റോഡ്‌ വികസനത്തിനൊപ്പം തെരുവ്‌ വിളക്കുകള്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, പൊലീസ്‌ എയിഡ്‌ പോസ്‌റ്റ്‌, കരകൗശല സ്‌റ്റാളുകള്‍, ലഘുഭക്ഷണശാലകള്‍, എന്നിവയെല്ലാം ചേരുന്നതാണ്‌ പദ്ധതി. 1.50 കോടി രൂപയാണ്‌ ഏകദേശ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.