കവിതകളിലൂടെ സന്ദേശം പകര്‍ന്ന നാരായണഗുരു ചില കൂടിക്കാഴ്‌ചകളിലൂടെ തന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. മറ്റുള്ളവരുടെ വാക്കുകള്‍ ക്ഷമയോടെ കേള്‍ക്കുവാന്‍ എന്നും താത്‌പര്യപ്പെട്ടിരുന്നു. തങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിച്ചിരുന്നില്ല. സംസ്‌കൃത പാണ്ഡിത്യം, ആയുര്‍വേദത്തിലുള്ള അറിവ്‌, ബുദ്ധി തീക്ഷ്‌ണത, നിരീക്ഷിക്കുവാനുള്ള കഴിവ്‌ എന്നിവയെല്ലാം ഗുരുവിന്റെ കൂടിക്കാഴ്‌ചകളില്‍ നിന്ന്‌ മനസ്സിലാക്കാം. അധികം കേള്‍ക്കുക, കുറച്ച്‌ പറയുക എന്ന നയമായിരുന്നു ഗുരുവിനുണ്ടായിരുന്നത്‌. ഒട്ടേറെ മഹത്‌ വ്യക്‌തിത്വങ്ങളുമായി ഗുരു കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്‌. മഹാത്മാഗാന്ധി, രവീന്ദ്രനാഥ്‌ ടാഗോര്‍, രമണ മഹര്‍ഷി, വാട്‌സ്‌ എന്നിവര്‍ അവരില്‍ ചിലരാണ്‌.

മഹാത്മാഗാന്ധി

മഹാത്മാഗാന്ധിക്കൊപ്പം ശ്രീനാരായണ ഗുരു

മഹാത്മാഗാന്ധിയെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെയും അയിത്തജാതിക്കാരായ ജനതയോട്‌ ആദ്യമായി അടുപ്പിച്ച ഒരു ചരിത്ര സംഭവമായിരുന്നു വൈക്കം സത്യാഗ്രഹം. കൂടാതെ, അയിത്താചാരത്തിന്റെ ഏറ്റവും ഭീകരമുഖം പ്രകടമാകുന്നത്‌ കേരളത്തിലാണെന്ന പ്രചരണത്തിന്‌ ഇടയാക്കിയതും വൈക്കം സത്യാഗ്രഹമാണ്‌. ഇന്ത്യയുടെ രാഷ്ട്രപിതാവായി ഉയര്‍ന്ന മഹാത്മാ ഗാന്ധിയും, കേരള നവോത്ഥാനത്തിന്റെ നായകനായ ശ്രീനാരായണ ഗുരുവും കണ്ടുമുട്ടാന്‍ ഇടയാക്കിയ ഒരു സംഭവം എന്ന നിലയിലും വൈക്കം സത്യാഗ്രഹത്തിനു പ്രാധാന്യമുണ്ട്‌. ഹരിജന്‍ സഹായ നിധിയിലേക്കു ധനം ശേഖരിക്കുന്നതിനു വേണ്ടിയാണ്‌ മഹാത്മാഗാന്ധി 1925-ല്‍ കേരളത്തിലെത്തിയത്‌.

ഗുരുവിനെ സന്ദര്‍ശിച്ച വേളയില്‍ ഗുരുവിന്റെ `ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌' എന്ന വാക്യത്തിലെ `ഒരുജാതി, ഒരു മതം' എന്ന ഭാഗത്തോട്‌ ശക്‌തമായ വിയോജിപ്പ്‌ ഗാന്ധിജി പ്രകടമാക്കി. എന്നാല്‍ ആലുവ അദ്വൈതാശ്രമത്തില്‍ വെച്ചു ചെയ്‌ത പ്രസംഗത്തില്‍ ഗുരുവിനോടു വിയോജിപ്പ്‌ പ്രകടിപ്പിച്ച ഗാന്ധിജി പില്‌ക്കാലത്ത്‌ 1937-ല്‍ ഈ ആശയത്തോട്‌ പൂര്‍ണ്ണമായി യോജിക്കുന്നുണ്ട്‌. ജാതി നിലനിര്‍ത്തണമെന്ന വാദം ആദ്യകാലത്ത്‌ ഗാന്ധിജിയ്‌ക്ക്‌ ഉണ്ടായിരുന്നെങ്കിലും പിന്നീടതിന്‌ മാറ്റമുണ്ടായി. പില്‍ക്കാലത്ത്‌ ജാതിക്കെതിരെ പ്രസംഗിക്കുവാനും, എഴുതുവാനും ഗാന്ധിജി തയ്യാറായതിന്റെ പിന്നില്‍ ഗുരുവിന്റെ സ്വാധീനവും ഉണ്ടാവാം.

മറ്റ് വിഷയങ്ങൾ