ശ്രീനാരായണ സംഘത്തിന്റെ ഉദ്ഘാടന വേളയിൽ എടുത്ത ശ്രീനാരായണ ഗുരുവിന്റെ ചിത്രം

വിദ്യാഭ്യാസത്തില്‍ നിന്ന്‌ അകറ്റി നിര്‍ത്തപ്പെട്ട അവശസമൂഹം പല ദുഷിച്ച ആചാരങ്ങളെയും പരിപാലിക്കുവാന്‍ നിര്‍ബന്ധിതരായിരുന്നു. അറിവില്ലായ്‌മ അവരെ അന്ധരാക്കി മാറ്റിയിരുന്നു. അത്തരമൊരു സമുദായമായിരുന്നു നാരായണ ഗുരുവിനു ജന്മം നല്‍കിയ ഈഴവ സമുദായം. അക്കാലത്ത്‌ അവര്‍ണ്ണ ജനവിഭാഗങ്ങളുടെ ജീവിതം വെറും അടിമകള്‍ക്ക്‌ സമാനമായിരുന്നു. അന്നു നിലവിലിരുന്ന പല തെറ്റായ പ്രവണതകളും തിരിച്ചറിഞ്ഞ ഗുരു ഈഴവരുള്‍പ്പെട്ട പിന്നാക്ക സമുദായങ്ങള്‍ക്ക്‌ അവശ്യം വേണ്ടിയിരുന്ന നേതൃത്വവും വെളിച്ചവും നല്‌കിയപ്പോള്‍ അത്‌ ഒരു സാമൂഹിക മാറ്റത്തിനു കളമൊരുക്കാന്‍ കാരണമായി.

ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം, ശ്രീനാരായണ ധര്‍മ്മസംഘം, നാരായണ ഗുരുകുലം എന്നീ സംഘടനകള്‍ ഗുരുവിന്റെ ലക്ഷ്യങ്ങളും വിശ്വാസങ്ങളും നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചവയാണ്‌. അദ്ദേഹം നിര്‍ത്തലാക്കിയ സാമുദായികാചാരങ്ങളായിരുന്നു താലികെട്ടു കല്യാണം, തിരണ്ടു കുളി, പുളികുടി തുടങ്ങിയവ. ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന അയിത്താചാരം ഇല്ലാതാക്കുവാന്‍ ലക്ഷ്യമിട്ടാണ്‌ വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമാകുവാന്‍ അദ്ദേഹം തയ്യാറായത്‌.

ആചാരപരിഷ്‌കരണം

പരമ്പരാഗതമായി നടത്തിപ്പോരുന്ന പല ആചാരങ്ങളും സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്കു ചേര്‍ന്നതല്ലെന്നും, അതിനാല്‍ അവയെ ഇല്ലാതാക്കേണ്ടത്‌ പുരോഗതിയ്‌ക്കാവശ്യമാണെന്നും ഗുരു സമുദായാംഗങ്ങളെ ധരിപ്പിച്ചു. അതിലൂടെ സമുദായത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുകയാണ് ചെയ്‌തത്‌. ആചാരങ്ങളുടെ പരിഷ്‌കരണത്തിലൂടെ മാത്രമേ സമുദായത്തെ ഉയര്‍ത്താനാവൂ എന്ന സത്യം അദ്ദേഹം മനസ്സിലാക്കിയിരുന്നു.

താലികെട്ടു കല്യാണം

വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ പലതും കാലാകാലങ്ങളായി ഉറച്ചുപോരുന്നവയാണ്‌. അവയിലൊന്നായിരുന്നു താലികെട്ട്‌ കല്യാണം. പെണ്‍കുട്ടികളെ വിവാഹപ്രായമെത്തുന്നതിനു മുന്‍പുതന്നെ മിന്നുകെട്ടിക്കുക എന്ന ആചാരമാണിത്‌. ഇതിനായി ആളുകളെ ആനപ്പുറത്തും, കുതിരപ്പുറത്തുമായി ആഘോഷപൂര്‍വ്വം ആനയിച്ച്‌ പന്തലില്‍ കൊണ്ടുവന്ന്‌ ഇരുത്തുന്നു. പെണ്‍കുട്ടികളെ പ്രായഭേദമില്ലാതെ, താലി കെട്ടിപ്പിക്കുക എന്നതാണ്‌ ചടങ്ങ്‌. വിവാഹവുമായി ഇതിന്‌ യാതൊരു ബന്ധവുമില്ല.

സമുദായ പരിഷ്‌കരണ വിഷയമായി എസ്‌.എന്‍.ഡി.പി യോഗം ആദ്യമായി ഏറ്റെടുത്തത്‌ താലികെട്ടു കല്യാണം ഉപേക്ഷിക്കാന്‍ സമുദായാംഗങ്ങളെ പ്രേരിപ്പിക്കുക എന്നതായിരുന്നു. സദ്യവട്ടങ്ങള്‍ നടത്തി പണം ചെലവാക്കിയും അനാചാരങ്ങളെ മുറുകെപ്പിടിച്ചും സ്വയം നശിച്ചുകൊണ്ടിരുന്ന സമൂഹത്തെ മാറ്റിയെടുക്കുവാന്‍ ശരിയായ ബോധവത്‌ക്കരണം ആവശ്യമായിരുന്നു. 1904-ല്‍ കൊല്ലം ജില്ലയ്‌ക്കടൂത്തുള്ള പരവൂരില്‍ നാരായണ ഗുരുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആചാരങ്ങള്‍ പരിഷ്‌കരിയ്‌ക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങിനെയാണ്‌ താലികെട്ടു കല്യാണം നിര്‍ത്തല്‍ ചെയ്‌തുകൊണ്ട്‌ പുതിയൊരു വിവാഹക്രമം നടപ്പിലായത്‌.

ഗുരുവിന്റെ ആവശ്യപ്രകാരം യോഗം പ്രവര്‍ത്തകര്‍, എല്ലാ താലൂക്കുകളിലും പൊതുയോഗങ്ങളും, കുടുംബസദസ്സുകളും സംഘടിപ്പിച്ച്‌ ഈ നിര്‍ദ്ദേശങ്ങള്‍ പ്രചരിപ്പിച്ചു. ഇക്കാലത്ത്‌ വടക്കന്‍ തിരുവിതാംകൂറില്‍ ഗുരു ഒരു പര്യടനം നടത്തി, തന്റെ പരിഷ്‌കാരങ്ങള്‍ സ്‌ഥലവാസികള്‍ക്കിടയില്‍ അവതരിപ്പിക്കുകയും ചെയ്‌തു.

തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ അതികേമമായി നടത്താന്‍ ശ്രമിച്ചിരുന്ന ഒരു കെട്ടുകല്യാണം പന്തലില്‍ വെച്ചു തന്നെ ഗുരു ഇടപെട്ട്‌ നിര്‍ത്തി വെയ്‌പ്പിച്ചു. വിവാഹം എന്ന ആചാരം തന്നെ കാലത്തിനനുസരിച്ച്‌ മാറ്റേണ്ടതാണെന്ന നിര്‍ദ്ദേശം സമുദായാംഗങ്ങള്‍ക്ക്‌ നല്‍കി. വിവാഹച്ചടങ്ങുകള്‍ അതീവ ലളിതമാക്കണമെന്നും പരിമിതമായ ആളുകള്‍ മാത്രമേ അതില്‍ പങ്കെടുക്കേണ്ടതുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റു സമുദായങ്ങളിലെയും ദുഷിച്ച ആചാരങ്ങള്‍ ദൂരീകരിക്കുവാനുള്ള പ്രേരണ ഇതുമൂലം സാധ്യമായി.

ശ്രീനാരായണ ഗുരുവിന്റെ സമുദായ പരിഷ്‌കരണ പ്രവർത്തനങ്ങൾ അറിവില്ലായ്മയിൽ മുഴുകിയിരുന്ന ഒരു ജനതയെ പ്രബുദ്ധതയിലേക്ക് നയിക്കുന്നതായിരുന്നു. താലികെട്ട് കല്യാണം, തിരണ്ടുകുളി, പുളികുടി തുടങ്ങിയ അനാവശ്യവും സാമ്പത്തികമായി തകർക്കുന്നതുമായ ആചാരങ്ങൾ നിർത്തലാക്കിയതിലൂടെ സമൂഹത്തിന്റെ പുരോഗതിക്ക് തടസ്സമായിരുന്ന ഘടകങ്ങളെ അദ്ദേഹം ദൂരീകരിച്ചു. എസ്.എൻ.ഡി.പി. യോഗം പോലുള്ള സംഘടനകളിലൂടെയും ബോധവത്കരണത്തിലൂടെയും വിവാഹച്ചടങ്ങുകൾ ലളിതമാക്കാനും ദുർവ്യയങ്ങൾ ഒഴിവാക്കാനും അദ്ദേഹം ജനങ്ങളെ പ്രേരിപ്പിച്ചു. അനാചാരങ്ങളുടെ പരിഷ്‌കരണത്തിലൂടെ മാത്രമേ സമുദായത്തിന് യഥാർത്ഥ ഉയർച്ച സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞ ഗുരു, വൈക്കം സത്യാഗ്രഹം ഉൾപ്പെടെയുള്ള പോരാട്ടങ്ങളിലൂടെ അയിത്തത്തിനെതിരെയും ശക്തമായി നിലകൊണ്ടു. ചുരുക്കത്തിൽ, അന്ധവിശ്വാസങ്ങളിൽ നിന്നും സാമ്പത്തിക അടിമത്തത്തിൽ നിന്നും പിന്നാക്ക വിഭാഗങ്ങളെ മോചിപ്പിച്ച് അന്തസ്സുള്ള ഒരു ജനതയായി അവരെ മാറ്റിയെടുക്കുന്നതിൽ ഗുരുവിന്റെ ഈ പരിഷ്‌കരണങ്ങൾ നിർണ്ണായക പങ്കുവഹിച്ചു.

മറ്റ് വിഷയങ്ങൾ